ന്യൂഡൽഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പൽബാധയ്‌ക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം.

അന്തരീക്ഷത്തിൽ സാധാരണയായുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗമുണ്ടാക്കുന്നത്. കോവിഡിൽനിന്ന് സുഖം പ്രാപിക്കുന്നവർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഫംഗസ് എളുപ്പം പ്രവേശിക്കും. മഹാരാഷ്ട്രയിൽ 2000 പേരിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പത്തുപേർ മരിച്ചു. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. ഡൽഹിയിലും ഒട്ടേറെപ്പേരിൽ രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

പ്രമേഹം നിയന്ത്രണവിധേമാകാത്ത രോഗികൾ, സ്റ്റിറോയ്‌ഡ് ഉപയോഗംമൂലം പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം ഐ.സി.യു.വി.ലും ആശുപത്രിയിലും കഴിഞ്ഞവർ, മറ്റു രോഗങ്ങളുള്ളവർ, ഗുരുതര പൂപ്പൽബാധയ്ക്കും മറ്റും ചികിത്സയെടുക്കുന്നവർ എന്നിവർക്ക് ബ്ലാക്ക് ഫംഗസ് പിടികൂടാൻ സാധ്യത കൂടുതലാണ്. എല്ലാ കോവിഡ് രോഗികൾക്കും പൂപ്പൽ ബാധ ഉണ്ടാകില്ലെങ്കിലും ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

ReadMore: ബ്ലാക്ക് ഫം​ഗസ് എന്ന മ്യൂക്കോർമെെക്കോസിസ് കോവിഡിന്റെ സങ്കീർണതയാണോ? എങ്ങനെ പ്രതിരോധിക്കാം?

നെറ്റി, മൂക്ക്, കവിൾ, കണ്ണുകൾ, പല്ല് എന്നിവിടങ്ങളിൽ ചർമരോഗംപോലെയാണ് പൂപ്പൽബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിനുചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസ്സം, ചുമച്ച് ചോരതുപ്പൽ എന്നിവയും ലക്ഷണമാണ്. ബ്ലാക്ക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികൾ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. സ്വയം ചികിത്സയും സ്റ്റിറോയ്‌ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനം.

മഹാരാഷ്ട്രയിൽ മരിച്ചത് 52 പേർ

മുംബൈ: കോവിഡ് മഹാമാരി പടരാൻ തുടങ്ങിയ ശേഷം ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ കാരണം മഹാരാഷ്ട്രയിൽ 52 പേർ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. 2000-ത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

‘മ്യൂക്കോമൈകോസിസ്’ കോവിഡ് രോഗം ഭേദമായ ചിലരെ ബാധിക്കുന്നതായി പല സംസ്ഥാനങ്ങളിൽനിന്നും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഈ രോഗബാധ കാരണം മരിച്ചവരുടെ കണക്ക് ആദ്യമായാണ് ക്രോഡീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞവർഷത്തെ കോവിഡ് ബാധയുടെ സമയത്തും പൂപ്പൽബാധ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും മരണങ്ങളേറെയും റിപ്പോർട്ടുചെയ്തിട്ടുള്ളത് ഈ വർഷമാണ്.

Content Highlights: Do not ignore the post-covid fungus infection named Black Fungus Mucormycosis health ministry warns, Health, Covid19