ന്യൂഡല്‍ഹി: ജനിതകഘടകമായ ഡി. എന്‍.എ. അധിഷ്ഠിതമാക്കിയുള്ള ആദ്യത്തെ കോവിഡ് വാക്‌സിന്‍ 'സൈകോവ്-ഡി' സെപ്റ്റംബര്‍ ഒടുവില്‍ ഇന്ത്യന്‍ വിപണിയിലിറങ്ങും. നിലവിലെ മറ്റെല്ലാ വാക്‌സിനുകളും ആര്‍.എന്‍.എ. ജനിതകഘടകം അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആറാം വാക്‌സിനാണിത്.

സൈകോവ്-ഡി മൂന്ന് ഡോസ് എടുക്കണം. സൂചിയില്ലാതെയാണ് വാക്‌സിന്‍ നല്‍കുക. ഫാര്‍മ ജെറ്റ് ഇന്‍ജെക്ടര്‍ ഗണ്‍ ഉപയോഗിച്ച് തൊലിപ്പുറമേ അമര്‍ത്തുമ്പോള്‍ വാക്‌സിന്‍ ശരീരത്തിലേക്ക് പ്രവേശിക്കും. 12-നും 18-നും ഇടയിലുള്ളവര്‍ക്കും സ്വീകരിക്കാം. ഈ പ്രായക്കാരിലെ പരീക്ഷണം വിജയമായിരുന്നു. എന്നാല്‍, 18-ന് താഴെയുള്ളവര്‍ക്ക് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ല.

കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്നിക്-വി എന്നിവയാണ് ഇപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുള്ള വാക്‌സിനുകള്‍. മൊഡേണ, ജാന്‍സെന്‍(ജോണ്‍സണ്‍സ് കമ്പനിയുടെ) എന്നീ വാക്‌സിനുകള്‍ക്കും അനുമതിയുണ്ടെങ്കിലും ഇതുവരെ ഉപയോഗത്തിലായിട്ടില്ല.

സൈഡസ് കാഡിലയാണ് സൈകോവ്-ഡി യുടെ നിര്‍മാതാക്കള്‍. ഡ്രഗ്‌ റെഗുലേറ്റര്‍ അതോറിറ്റി വെള്ളിയാഴ്ചയാണ് ഇതിന് അനുമതി നല്‍കിയത്. വാക്‌സിന്റെ വിലയും കുത്തിവെപ്പിന്റെ ഡോസ് സംബന്ധമായ കാര്യങ്ങളും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയാനാവുമെന്ന് സൈഡസ് ഗ്രൂപ്പിന്റെ എം.ഡി. ഡോ. ഷര്‍വില്‍ പട്ടേല്‍ പറഞ്ഞു. ഒക്ടോബറോടെ ഒരുകോടി വാക്‌സിന്‍ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ജനുവരി ആകുമ്പോള്‍ ഉത്പാദനം അഞ്ചുകോടിയിലെത്തും.

ഉടന്‍ വിപണിയില്‍

സൈകോവ്-ഡി കോവിഡ് വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തും. കമ്പനി വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചു.
-മന്‍സുഖ് മാണ്ഡവ്യ,
കേന്ദ്ര ആരോഗ്യ മന്ത്രി

Content Highlights: DNA based zycov d vaccine will hit Indian market by the end of September, Health, Covid19