തൃശ്ശൂർ: മെഡിക്കൽ ബിരുദപഠനത്തിന്റെ മാനദണ്ഡങ്ങൾക്കു പിന്നാലെ ബിരുദാനന്തരബിരുദത്തിനും സമഗ്രനടപടിക്രമങ്ങൾ വരുന്നു. മൂന്നുവർഷത്തെ കോഴ്‌സ് പൂർത്തിയാക്കണമെങ്കിൽ മൂന്നുമാസത്തെ ജില്ലാതല സേവനം നിർബന്ധമാക്കുന്നതാണ് കരടുരേഖയിലെ പ്രധാന നിബന്ധന. ഇതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന നിർദേശവുമുണ്ട്.

ഈ വർഷം തുടങ്ങുന്ന കോഴ്‌സുമുതൽ പദ്ധതി നടപ്പാക്കണമെന്നാണ് പറയുന്നത്. എന്നാൽ, വേണ്ട സൗകര്യങ്ങളൊരുക്കാതെ തിരക്കിട്ട് പരിശീലനം നിർബന്ധമാക്കരുതെന്നും കാലാവധി ഒരുമാസമാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽനിന്നും മറ്റും ഉയർന്നുകഴിഞ്ഞു.

ആരോഗ്യപരിപാലനരംഗത്തെ മധ്യമഘടകമാണ് ജില്ലാതല സ്ഥാപനങ്ങൾ. ആരോഗ്യവിദ്യാഭ്യാസത്തിന്റെ ഉന്നതപഠനം സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി വേണമെന്നതാണ് നിർദേശത്തിന്റെ കാതൽ. പൊതുജനാരോഗ്യരംഗത്തിന്റെ ആവശ്യവും സ്വഭാവവും മനസ്സിലാക്കി ആസൂത്രണത്തിന് പ്രയോജനപ്രദമാക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പൊതുമേഖലയിലെ കുറഞ്ഞത് നൂറ്‌ കിടക്കകളും സ്പെഷ്യലിസ്റ്റ് ചികിത്സാസൗകര്യമുള്ളതുമായ ആശുപത്രികളാണ് പരിശീലനകേന്ദ്രങ്ങൾ. ഇത്തരം സംവിധാനങ്ങളുള്ള താഴെത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളെയും പരിഗണിക്കാവുന്നതാണ്.

സംസ്ഥാന ആരോഗ്യവകുപ്പും ആരോഗ്യവിദ്യാഭ്യാസവിഭാഗവും ചേർന്നാണ് പരിശീലനം നടപ്പാക്കേണ്ടത്. നോഡൽ ഓഫീസറാണ് പരിശീലനത്തിന് സാധ്യതയുള്ള കേന്ദ്രങ്ങൾ കണ്ടെത്തേണ്ടത്. ദേശീയ മെഡിക്കൽ കമ്മിഷൻ സ്ഥാപിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സുതാര്യവും കാര്യക്ഷമവുമായി പഠനാർത്ഥികളെ നിയോഗിക്കേണ്ടതും നോഡൽ ഓഫീസറാണ്. വിദ്യാർഥികളുടെ താമസസൗകര്യം തുടങ്ങിയുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളുടെ ബാധ്യതയാണ്.

Content Highlights: District level service is mandatory for medical PG, Health