
എച്ച്.എം.ടി. നിർമിച്ച ശ്രീചിത്തിരയുടെ അണുനാശിനി കവാടം
കളമശ്ശേരി: ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ച അണുനാശിനി കവാടത്തിന്റെ (ഡിസിന്‍ഫെക്ഷന്‍ ഗേറ്റ് വേ) നിര്‍മാണം എച്ച്.എം.ടി. കളമശ്ശേരി യൂണിറ്റില്‍ പൂര്‍ത്തിയായി. ജില്ലാ ഭരണകൂടത്തിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് സൗജന്യമായി കൈമാറും.
നിലവിലുള്ള മാതൃകകളെ പറ്റി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ചേംബറില്‍ രൂപപ്പെടുന്ന പുകയുടെ സഹായത്തോടെ അണുവിമുക്തമാക്കുന്ന സംവിധാനം ശ്രീചിത്തിര രൂപപ്പെടുത്തിയത്. ഈ സംവിധാനത്തില്‍ ഒരാള്‍ കവാടത്തിനകത്തെത്തുമ്പോള് അണുനാശിനി പുക ഉണ്ടാകും. നിമിഷങ്ങള്‍ക്കുള്ളില്‍ അണുവിമുക്തമാക്കും. തുടര്‍ന്ന് ആള് പുറത്തിറങ്ങി കഴിയുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പ്രവര്‍ത്തിച്ച് ചേംബറിനകം അണുവിമുക്തമാക്കും. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഇലക്ട്രോട്രോണിക് സംവിധാനത്തിലൂടെയാണ്. ചേംബര്‍ നിര്‍മിച്ചത് ഇരുമ്പ് ഫ്രെയിമില്‍ പ്രത്യേക പി.വി.സി. പാനലുകളും പോളി കാര്‍ബണ്‍ ഷീറ്റുകളുമുപയോഗിച്ചാണ്. ഇരുവശത്തുമായി 15 ലിറ്റര്‍ ശേഷിയുള്ള കെമിക്കല്‍ ടാങ്കും ഫ്യൂമിങ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനമെന്ന നിലയില്‍ എണ്‍പതിനായിരം രൂപ വില വരുന്ന ചേംബര്‍ ലാഭമെടുക്കാതെയാണ് നിര്‍മിച്ചു നല്‍കുകയെന്ന് ജനറല്‍ മാനേജര്‍ ബാലമുരുകേശന് പറഞ്ഞു.
നിരവധി സ്ഥാപനങ്ങള്‍ ചേംബര്‍ ആവശ്യപ്പെട്ട് വരുന്നുണ്ട്. ജനങ്ങള്‍ കൂടുതലായി എത്തുന്ന തിയേറ്ററുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ആസ്പത്രികള്‍ എന്നിവിടങ്ങളിലൊക്കെ ഇത് ഉപയോഗിക്കാം.
Content Highlights: disinfection gateway by sree chitra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..