ചൈന കുത്തകയാക്കിയ ഡിജിറ്റൽ തെർമോമീറ്റർ വിപണിയിൽ പൂർണമായും നാടൻകുതിപ്പിന് തൃശ്ശൂരിലെ ശാസ്ത്രജ്ഞർ. സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്) യുടെ അത്താണി കേന്ദ്രത്തിലെ വിദഗ്ധരാണ് തെർമോമീറ്റർ വികസിപ്പിച്ചത്.

സി-മെറ്റിലെ സീനിയർ സയന്റിസ്റ്റും നാരീശക്തി പുരസ്കാര ജേത്രിയുമായ ഡോ.എ. സീമയ്ക്കാണ് നേതൃത്വം. ഡിജിറ്റൽ തെർമോമീറ്ററുകളാണ് ആരോഗ്യരംഗത്തും വ്യവസായരംഗത്തും ഇനി വ്യാപകമായി ഉപയോഗിക്കാൻ പോവുന്നത്. ഇത് മുൻകൂട്ടിക്കണ്ട് ചൈനയിൽനിന്ന് ഇവ വ്യാപകമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്നുമുണ്ട്. ഏറ്റവും സൂക്ഷ്മമായ താപനിലയെ പോലും കൃത്യമായി അളന്നെടുക്കുന്ന സെൻസറുകളാണ് ആദ്യം സി-മെറ്റിൽ വികസിപ്പിച്ചത്. ചിപ്പ് തെർമിസ്റ്ററുകൾ എന്നാണിവ അറിയപ്പെടുന്നത്. ഇതാണ് ഡിജിറ്റൽ തെർമോമീറ്ററിന്റെ ഹൃദയം. കെയ്സ്, ബാറ്ററി, മൈക്രോകൺട്രോളർ, ഡിസ്പ്ലേ, സർക്യൂട്ട് ബോർഡ് എന്നിവയും ചേർന്ന തെർമോമീറ്റർ, സി-മെറ്റിന്റെ സ്വന്തം ഡിസൈനിൽ പുറത്തുവരാൻ ആറുമാസമേ എടുത്തുള്ളൂ. ചിപ്പ് തെർമിസ്റ്ററിന്റെ പേറ്റന്റ് നടപടികൾ അന്തിമഘട്ടത്തിലാണ്. ഉണ്ടാക്കിയ ഡിസൈനിന്റെ പകർപ്പവകാശത്തിനും അപേക്ഷ നൽകിയിട്ടുണ്ട്.

മൈനസ് 10 മുതൽ 110 വരെ ഡിഗ്രി ചൂടിനെ അളന്നെടുക്കാൻ പറ്റിയവയും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. വ്യവസായമേഖലയിലും ലബോറട്ടറികളിലുമാണ് ഇത് ഏറെ പ്രയോജനം ചെയ്യുക. 0.5 ഡിഗ്രി വരെ കൃത്യതയിലുള്ള ഊഷ്മാവ് ഇതിൽ അറിയാം.

ഡേറ്റ സംഭരണശേഷി

വ്യവസായ മേഖലയിലും ലാബിലും ഉപയോഗിക്കാവുന്ന തെർമോമീറ്ററിന്റെ ഡേറ്റ സംഭരണശേഷിയാണ് പ്രധാന പ്രത്യേകത. യൂസറുടെ ആവശ്യത്തിനനുസരിച്ച് ഇതിൽ പ്രോഗ്രാം ചെയ്യാം. നിശ്ചിത ഇടവേളകളിൽ ഊഷ്മാവ് അളന്നുകൊണ്ടിരിക്കും. ആവശ്യം വരുമ്പോൾ കംപ്യൂട്ടറിലേക്ക് മാറ്റാം. ഡേറ്റ സംഭരണശേഷിയുള്ള ഡിജിറ്റൽ തെർമോമീറ്ററുകൾക്ക് വിപണിയിൽ 2000 രൂപവരെയാണ് വില. എന്നാൽ ഇത് പരമാവധി 500 രൂപയ്ക്ക് വിൽക്കാനാകുമെന്ന് ഡോ.സീമ പറയുന്നു. ക്ലിനിക്കൽ തെർമോമീറ്റർ പരമാവധി 200 രൂപയ്ക്കും വിൽക്കാനാവും.

പ്രയത്നിച്ചത് ഇവർ

ഡോ.സീമയെ കൂടാതെ ഡോ.എം.എൻ. മുരളീധരൻ, എസ്. അഷ്ന, കെ.ആർ. രഞ്ജിത്ത്, വി. ദീപ, മുഹമ്മദ് ഹാരീസ്, സി.ജെ. ജിത്തു, മുഹമ്മദ് റഷീദ്, പി.എൻ. അമൽ, ആൻലിയോ റെന്നി, ശ്രീധർ കൃഷ്ണ എന്നിവരാണ് ടീമിലുള്ളത്. അടുത്ത ജനുവരിയിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയേക്കും.

Content Highlights:digital thermometer with data storage developed by scientists from Thrissur