ഭിന്നശേഷിക്കാരിയായ മകളെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ മുന്‍പാണ് വായിച്ചത്. ആ കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കുന്നില്ല. പക്ഷേ, ഭിന്നശേഷിക്കാരായ മക്കളുടെ മാതാപിതാക്കളുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് നാം ഓര്‍ക്കാറുണ്ടോ?

ഞങ്ങള്‍ മരിക്കുന്നതിന് മുന്‍പ് ഭിന്നശേഷിയുള്ള ഞങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ മരിക്കട്ടെയെന്ന് വേദനയോടെ പറയുന്ന മാതാപിതാക്കള്‍ നിരവധിയുണ്ട് നമുക്ക് ചുറ്റും. ആ രക്ഷിതാക്കള്‍ക്ക് ഒത്തു കൂടാനും സങ്കടങ്ങള്‍ പറയാനുമുള്ള ഒരു കൂട്ടായ്മയാണ് തൃശ്ശൂര്‍ പരിവാര്‍ എന്ന സംഘടന. ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ പരിവാര്‍ തങ്ങളുടെ മക്കളുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.

ഒരു വയസുള്ള കുട്ടിയെ നോക്കുന്നതു പോലെയാണ് ഈ മാതാപിതാക്കള്‍ തങ്ങളുടെ പതിനഞ്ചും ഇരുപതും വയസുള്ള കുട്ടികളെ നോക്കുന്നത്. കുട്ടികളെ നോക്കേണ്ടതിനാല്‍ പല മാതാപിതാക്കള്‍ക്കും ജോലികള്‍ക്കൊന്നും പോകാന്‍ കഴിയുന്നില്ല.

ജില്ലയില്‍ വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാരായ രണ്ടായിരത്തോളം കുട്ടികളുണ്ട്്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങി പല വിധത്തില്‍ മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ കുട്ടികളുടെ ക്ഷേമത്തിനായി 1999ല്‍ ഇവരുടെ രക്ഷിതാക്കള്‍ രൂപീകരിച്ച കരുണ എന്ന സംഘടനയാണ് പിന്നീട് തൃശ്ശൂര്‍ പരിവാര്‍ ആയി മാറിയത്. പെന്‍ഷന്‍, ഭിന്നശേഷി കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീലനം, സ്‌പെഷ്യല്‍ കുടുംബശ്രീ, കുട്ടികളുടെ നിയമപരമായ രക്ഷാകര്‍തൃത്വം, സ്പെഷ്യല്‍ ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങി കുട്ടികളുടെ ക്ഷേമത്തിനായി വിവിധ മേഖലകളില്‍ സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിലെ സുമനസുകളുടെ സഹായത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിവിധ ജില്ലകളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചികിത്സ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് തൃശ്ശൂരിലെ ആര്യ ഐ കെയര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായി ഇവര്‍ക്ക് ഒരു പ്രിവിലേജ് കാര്‍ഡും ആശുപത്രി നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബര്‍ 31 ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രൊഫസര്‍ ഡോ. ആര്‍ ബിന്ദുവാണ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തത്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ പ്രിവിലേജ് കാര്‍ഡ് സ്വീകരിച്ചു.

ഭിന്നശേഷി കുട്ടികള്‍ക്ക് മാത്രമാണ് പലപ്പോഴും പ്രിവിലേജ് നല്‍കാറുള്ളത്. എന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് തൃശ്ശൂര്‍ പരിവാര്‍ ലക്ഷ്യമിടുന്നത്. ഭിന്നശേഷി കുട്ടികളുടെ പരിചരണത്തിനായി ജീവിതം മുഴുവന്‍ മാറ്റിവയ്ക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍  സഹായഹസ്തവവുമായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികളുടെ കുടുംബങ്ങള്‍.

ഭിന്നശേഷി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ ആവശ്യം കൂടിയാണെന്നും അതിന് വേണ്ട സഹായങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുമേഷ് ടി.പി. പറയുന്നു.  

മാതാപിതാക്കളില്‍ ഭൂരിഭാഗവും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരായതിനാല്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ഈ കുടുംബങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. തൊഴില്‍ പരിശീലനം പോലുള്ള നിരവധി സഹായങ്ങള്‍ കുട്ടികള്‍ക്ക് ആവശ്യമാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനയല്ല. ആശുപത്രികള്‍ക്ക് പുറമെ സന്നദ്ധ സംഘടനകളും ഈ കുട്ടികളുടെ ക്ഷേമത്തിനായി മുന്നോട്ട് വരണമെന്ന അഭ്യര്‍ഥനയാണ് സംഘടന മുന്നോട്ടുവെക്കുന്നതെന്ന് പരിവാര്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ. സന്തോഷ് പറഞ്ഞു.

Content Highlights: Differently abled children care, Thrissur  Parivaar