Representative Image| Photo: Canva.com
ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തുക വഴി ഗർഭം അലസിപ്പോകുന്നത് തടയാനാകുമെന്ന് വ്യക്തമാക്കി പുതിയ പഠനം. പഴങ്ങളും പച്ചക്കറികളും കടൽവിഭവങ്ങളും പാലുൽപന്നങ്ങളും മുട്ടയും ധാന്യങ്ങളുമൊക്കെ ചേർന്ന പോഷകസമ്പന്നമായ ഭക്ഷണശീലം ഗർഭം അലസിപ്പോകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഇരുപതോളം പഠനങ്ങളെ വിശകലനം ചെയ്ത് ബിർമിങാം സർവകലാശാലയാണ് പുതിയ കണ്ടെത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. ഗർഭം ധരിക്കുന്നതിന് മുമ്പും ഗർഭത്തിന്റെ ആദ്യകാലങ്ങളിലും കഴിക്കുന്ന ഭക്ഷണവും ഗർഭച്ഛിദ്രവും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ചത്. ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടോമിസ് നാഷണൽ സെന്റർ ഫോർ മിസ്കാര്യേജ് റിസർച്ച് ആണ് ഗവേഷണം നടത്തിയത്. ആരോഗ്യകരവും സന്തുലിതവുമായ ഇത്തരം ഡയറ്റ് പാലിക്കുന്നതിലൂടെ ഗർഭകാലത്ത് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ധാരാളം ലഭിക്കുമെന്നും അത് ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.
ധാരാളം പഴങ്ങൾ കഴിക്കുക വഴി 61%വും പച്ചക്കറികൾ കഴിക്കുക വഴി 41%വും പാലുൽപ്പന്നങ്ങളിലൂടെ 37%വും ധാന്യങ്ങൾ കഴിക്കുക വഴി 33%വും കടൽവിഭവങ്ങളും മുട്ടയും കഴിക്കുന്നതിലൂടെ 19%വും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കുറയുമെന്നാണ് ഗവേഷകർ വ്യക്തമാക്കിയത്.
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ഇക്കാലത്ത് അഭികാമ്യമെന്നും ഗവേഷകർ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവരിൽ ഗർഭം അലസാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നുണ്ട്. 63,838 സ്ത്രീകളുടെ ഡേറ്റകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ഗർഭം ധരിക്കുന്നതിനു മുമ്പും ഗർഭം ധരിച്ചതിനു ശേഷമുള്ള മൂന്നുമാസവും ഇവർ പാലിച്ച ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് വിശകലനം നടത്തിയത്.
ഗർഭം അലസിപ്പോകുന്ന സാഹചര്യം സാധാരണമാണെന്നും ആറ് ഗർഭത്തിൽ ഒരെണ്ണം എന്ന നിലയ്ക്ക് അലസിപ്പോകാറുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. യീലിൻ ചങ് പറഞ്ഞു. അതിനു പിന്നിൽ കുഞ്ഞിന്റെ ക്രോമസോം തകരാർ തുടങ്ങി പല പ്രശ്നങ്ങളും കാണാം. അമ്പതു ശതമാനം ആദ്യകാല ഗർഭം അലസലിനും പിന്നിലെ കാരണങ്ങൾ അനിശ്ചിതമാണെന്നും എന്നാൽ ഡയറ്റിൽ മാറ്റം വരുത്തുന്നതും പുകവലി-മദ്യപാനം പോലുള്ള നിർത്തുന്നതുമൊക്കെ ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഗർഭം ധരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഡയറ്റിൽ മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനമെന്നും ഗവേഷകർ വ്യക്തമാക്കി. ആരോഗ്യകരമായ ഡയറ്റ് പാലിക്കുന്നതിനൊപ്പം ഫോളിക് ആസിഡ്, വിറ്റാമിൻ ഡി എന്നിവ കഴിക്കുകയും വ്യായാമം ശീലമാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്താൽ ഒരുപരിധി വരെ ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു.
Content Highlights: Diet comprising seafood, eggs, grains, veggies might decrease chances of miscarriage Study


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..