കോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 11 മെഡിക്കൽ കോളേജുകളിൽ ഒമ്പത് എണ്ണത്തിലും ലാബ് അസിസ്റ്റന്റ് ഡയാലിസിസ്, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ മുഴുവൻപേരും താത്‌കാലിക ജീവനക്കാർ.

കോട്ടയം മെഡിക്കൽകോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് ആകെയുള്ള ആറു സ്ഥിരം തസ്തികകളുള്ളത്. ഇതിൽ നാലുപേർ ലാബ് അസിസ്റ്റന്റുമാരും രണ്ടുപേർ ടെക്നീഷ്യന്മാരുമാണ്. ഇതുതന്നെ 30 വർഷംമുമ്പ് അനുവദിച്ചതാണ്. പിന്നീട് പുതിയ തസ്തികകൾ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് മെഡിക്കൽകോളേജുകളിൽമാത്രം ഒരു വർഷം ഒരു ലക്ഷത്തിലധികം ഡയാലിസിസുകൾ നടക്കുന്നുണ്ട്. ലാബ് അസിസ്റ്റന്റ് ഡയാലിസിസ് വിഭാഗത്തിൽ 81 താത്‌കാലിക ജീവനക്കാരാണ് മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ലാബ് അസിസ്റ്റന്റ് ഡയാലിസിസ് പി.എസ്.സി. റാങ്ക് മെയിൻ ലിസ്റ്റിൽ 28 പേരുണ്ട്. സ്ഥിരനിയമനം ലഭിച്ച തസ്തികയിൽനിന്ന് മൂന്നുപേർ വിരമിച്ചതിനെത്തുടർന്ന് പി.എസ്.സി. ലിസ്റ്റിൽനിന്ന് മൂന്നുപേർക്ക് നിയമനം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ഇപ്പോഴും നിയമനത്തിനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞവർഷം മെഡിക്കൽ കോളേജുകളിൽ 1,06,053 ഹീമോഡയാലിസിസുകളാണ് നടന്നത്. ഏറ്റവും കൂടുതൽ നടക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. 22,448 ഡയാലിസിസുകളാണ് ഇവിടെ നടന്നത്. 13 താത്‌കാലിക ജീവനക്കാരുമായാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഒരാൾപോലും സ്ഥിരമല്ല.

ജോലിഭാരം കൂടുതലായതിനാൽ പുതിയ തസ്തികകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ്, ആരോഗ്യ വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതിൽ തിരുമാനമൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ലാബ് അസിസ്റ്റന്റ് ഡയാലിസിസിന്റെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ധനകാര്യവകുപ്പിനും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നിവേദനം നൽകിയിട്ടുണ്ട്. ഒമ്പത് മാസംകൂടി മാത്രമാണ് ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി.

Content Highlights:Dialysis is on the rise, and number of permanent staff is declining, Health, Dialysis