തൃശ്ശൂര്‍: വേനല്‍ രൂക്ഷമായതോടെ കടുത്ത ജലക്ഷാമം വൃക്കരോഗികള്‍ക്കുണ്ടാക്കുന്ന ദുരിതം വര്‍ധിപ്പിക്കുന്നു. വെള്ളമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആസ്​പത്രികളോടുചേര്‍ന്നുള്ള ഡയാലിസിസ് സെന്ററുകള്‍ അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് വന്നുതുടങ്ങി. സ്വകാര്യ സെന്ററുകളിലാകട്ടെ, ജലശുദ്ധീകരണ സംവിധാനത്തെക്കുറിച്ചുള്ള പരാതികളേറുന്നു. സ്വതന്ത്ര സെന്ററുകളില്‍, ഡയാലിസിസിലുണ്ടാവുന്ന പാകപ്പിഴ പരിശോധിക്കാന്‍ സംവിധാനങ്ങളുമില്ല.

സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം കൂടുകയാണ്. ഡയാലിസിസ് കേന്ദ്രങ്ങളും കൂടിവരുന്നു. മുമ്പ് ആസ്​പത്രികളോടുചേര്‍ന്ന് മാത്രമായിരുന്നു ഡയാലിസിസ് കേന്ദ്രങ്ങള്‍. സമീപകാലത്ത് ഒട്ടേറെ സ്വതന്ത്ര സെന്ററുകള്‍ വന്നുകഴിഞ്ഞു. വിദഗ്ധഡോക്ടര്‍മാരുടെ മേല്‍നോട്ടമില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പല കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.

ജലശുദ്ധീകരണത്തിന്റെ പ്രാധാന്യം

ജലക്ഷാമം രൂക്ഷമായത് ഈവര്‍ഷം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഒരു ഡയാലിസിസിന് 120 ലിറ്റര്‍ വെള്ളമെങ്കിലും വേണം. ഇത് കുടിവെള്ളത്തെക്കാള്‍ ശുദ്ധവുമായിരിക്കണം. ആര്‍.ഒ. പ്‌ളാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിച്ചാണ് ഡയാലിസിസിന് ഉപയോഗിക്കുന്നത്. വേനലായതോടെ വെള്ളം പല സ്ഥലങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നത്. അതിനാല്‍ത്തന്നെ നിലവാരം വ്യത്യസ്തം.

ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ മേന്മ ശുദ്ധീകരണ സംവിധാനത്തിന്റെ ക്രമീകരണമടക്കമുള്ളവയെ ആശ്രയിച്ചിരിക്കും. ടെക്‌നീഷ്യന്റെ സേവനം ഈ കാലയളവില്‍ അത്യാവശ്യമാണെങ്കിലും പലയിടത്തും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ശുദ്ധി സംശയത്തിലാണ്. ശുദ്ധീകരിച്ച വെള്ളത്തിന്റെ സാമ്പിള്‍ മൂന്നുമാസത്തിലൊരിക്കല്‍ പരീക്ഷണശാലയില്‍ നല്‍കി സൂക്ഷ്മാണുശുദ്ധത ഉറപ്പാക്കേണ്ടതാണ്. ആര്‍.ഒ. പ്‌ളാന്റുകളുടെ പരിശോധനയും നടക്കുന്നില്ല.

പാകപ്പിഴകള്‍, പോരായ്മകള്‍

കാര്യക്ഷമമായി ശുദ്ധീകരിച്ച വെള്ളമല്ലെങ്കില്‍ രോഗിയുടെ രക്തത്തിലേക്ക് രോഗാണുക്കളും മറ്റ് രാസഘടകങ്ങളും കടക്കും. അണുബാധയാകും ഫലം. ഡയാലിസിസിന് വിധേയരാകുന്നവരില്‍ മഞ്ഞപ്പിത്ത ബാധിതര്‍ ധാരാളമായുണ്ട്. ഡയാലിസിസിനിടെ മഞ്ഞപ്പിത്തം പിടിപെടുന്നവരുമുണ്ട്. മഞ്ഞപ്പിത്തമുള്ളവരെയും അല്ലാത്തവരെയും വ്യത്യസ്ത യന്ത്രങ്ങളില്‍ ഡയാലിസിസിന് വിധേയമാക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്തത് മഞ്ഞപ്പിത്തം പകരാനിടയാക്കുന്നു.

മാര്‍ഗരേഖയും മാനദണ്ഡവും


മൂന്നുവര്‍ഷംമുമ്പ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ചില മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏതാനും ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ഗരേഖ പ്രസിദ്ധപ്പെടുത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.

ഡയാലിസിസ് ഏതെങ്കിലും ആസ്​പത്രിയുടെ മേല്‍നോട്ടത്തിലാകണമെന്നും ഒരു ഡോക്ടറുടെ സേവനം പൂര്‍ണസമയവും ഉണ്ടാകണമെന്നും മാര്‍ഗരേഖയിലുണ്ട്. ഡയാലിസിസിനിടെ രോഗിക്ക് രക്തസമ്മര്‍ദം കൂടുകയോ കുറയുകയോ ചെയ്യാം. ഹൃദയാഘാതവും വന്നേക്കാം. ഈ സമയമെല്ലാം ഡോക്ടറുടെ സാന്നിധ്യംവേണം. നാലുമണിക്കൂര്‍ എടുക്കുന്ന ഡയാലിസിസിനിടെ ഇടയ്ക്കിടെ രക്തപരിശോധന നടത്തണം.

ലിഫ്റ്റില്ലാത്ത കെട്ടിടത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാവശ്യം വന്നാല്‍ ആംബുലന്‍സ് സൗകര്യംപോലും ക്രമീകരിക്കാന്‍ കഴിയാത്ത കേന്ദ്രങ്ങളുമുണ്ട്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഇ.കെ. ജയകുമാര്‍, നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്. ഡോ. ജയന്ത് തോമസ് മാത്യു, നെഫ്രോളജി വിഭാഗം പ്രൊഫസര്‍, അമല മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂര്‍)