പ്രമേഹം ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പ്രമേഹരോഗികളില്‍ ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് കൂടുതലെന്ന് പുതിയ പഠനം. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്.) നടത്തിയ പഠനത്തില്‍ ലോകത്താകമാനമുള്ള 1.2 കോടിയാളുകളെയാണ് ഉള്‍പ്പെടുത്തിയത്.

ലോകത്താകമാനം 41.5 കോടിയാളുകള്‍ക്കാണ് നിലവില്‍ പ്രമേഹമുള്ളതെന്ന് സംഘം പറയുന്നു.

ഇതില്‍ 19.9 കോടിയും സ്ത്രീകളാണ്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്നറിയപ്പെടുന്ന ഇന്ത്യയില്‍ 7.2 കോടി പ്രമേഹരോഗികളാണുള്ളത് (2017ലെ കണക്ക്). രാജ്യത്തെ പ്രായപൂര്‍ത്തിയെത്തിയ 8.8 ശതമാനം ആളുകളും പ്രമേഹരോഗികളാണെന്നര്‍ഥം.

ടൈപ്പ്-1 പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ 47 ശതമാനം കൂട്ടുന്നു. ടൈപ്പ്-2 പ്രമേഹത്തിന്റെ കാര്യത്തില്‍ ഇത് ഒന്‍പതു ശതമാനമാണ്. ഡയബെറ്റോളജിയ ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം ചികിത്സിക്കുന്നതില്‍ സ്ത്രീകള്‍ അശ്രദ്ധരാണെന്ന് പഠനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകന്‍ സാന്‍ പീറ്റേഴ്സ് പറയുന്നു.

2040-ഓടെ 31.3 കോടി വനിതകള്‍ക്ക് പ്രമേഹം ബാധിക്കുമെന്നാണ് സംഘത്തിന്റെ അനുമാനം. സ്ത്രീകളിലെ ഏറ്റവും വലിയ ഒന്‍പതാമത്തെ മരണകാരണമാണ് പ്രമേഹം. 

Content Highlight:  Link between Diabetics and heart disease