വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ ഗുരുതരമായ ഒന്നിലധികം മാറാരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെ. മധ്യവയസ്‌കരായ (40-നും 50-നും ഇടയില്‍ പ്രായമുള്ള) 7407 സ്ത്രീകളില്‍ 20 വര്‍ഷത്തിലധികം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനകാലയളവിനിടയില്‍ 43.2 ശതമാനംപേര്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ഇവരില്‍ പകുതിയോളം പേര്‍ ചികിത്സതേടി. ഇവരില്‍ 2035 പേര്‍ക്ക് (63.6 ശതമാനം) ഒന്നിലധികം ഗുരുതരമായ മാറാരോഗങ്ങള്‍ പിടിപെട്ടതായും കണ്ടെത്താന്‍ കഴിഞ്ഞു.

പ്രമേഹം, ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, അര്‍ബുദം പോലുള്ള രോഗങ്ങളാണ് ഇന്ന് അധികമായി കണ്ടുവരുന്നത്. വിഷാദരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുന്പും ശേഷവും വിട്ടുമാറാത്ത രോഗങ്ങള്‍ സ്ത്രീകള്‍ക്ക് പിടിപെടുന്നതിന്റെ സാധ്യതയാണ് പഠിച്ചതെന്ന് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലന്‍ഡിലെ ഗവേഷകന്‍ ഷിയോലിന്‍ സു പറഞ്ഞു.

വിഷാദരോഗം ഗുരുതരമായ വിട്ടുമാറാത്തരോഗങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും. ഇവരില്‍ വിട്ടുമാറാത്ത രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 1.8 തവണ അധികമാണ്. വിഷാദരോഗമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്‌പോള്‍ ഇത്തരക്കാരില്‍ ഒന്നിലധികം മാറാരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 2.8 മടങ്ങ് അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: depression in women