കൊല്ലം: കോവിഡ് സ്രവപരിശോധനയില്‍ നെഗറ്റീവാകുന്ന പനിബാധിതര്‍ക്ക് ഡെങ്കിപ്പനി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വീണ്ടും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലെ പനിലക്ഷണമുള്ളവര്‍ക്ക് നിര്‍ബന്ധമായും ഡെങ്കി പരിശോധന നടത്തും.

മൂന്നുവര്‍ഷം കൂടുമ്പോള്‍ ഡെങ്കിപ്പനി വ്യാപകമാകുന്ന ചാക്രിക പ്രവണത കാണിക്കാറുണ്ട്. ഇതനുസരിച്ച് ഇക്കൊല്ലം ഡെങ്കി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.

എന്നാല്‍ ഇതുവരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കുറവാണ്. എല്ലാ ജില്ലകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലയിടങ്ങളില്‍ ഒന്നിച്ച് ഒട്ടേറെപ്പേര്‍ക്ക് രോഗബാധയുണ്ടായി. ഇത്തരം പ്രദേശങ്ങളില്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവായ പനി ലക്ഷണമുള്ളവരുടെ രക്തം പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ അപകടകാരികളായ ഡെങ്കി വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

അപകടകാരിയായ ഡെങ്കി വൈറസിന്റെ വകഭേദം രാജ്യത്ത് വരാനിടയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഈസാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പ്രതിരോധത്തിന് പ്രത്യേക കര്‍മപദ്ധതി തയാറാക്കാനും പറഞ്ഞിട്ടുണ്ട്. വെക്ടര്‍ ഡെന്‍സിറ്റി കൂടുതലുള്ള പ്രദേശങ്ങളില്‍ ഉറവിടനശീകരണം, ഫോഗിങ് എന്നിവ നടത്താനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Content Highlights: Dengue test for Covid19 negative patients, Health, Covid19