കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു; രോഗലക്ഷണങ്ങളും അപകടസൂചനകളും തിരിച്ചറിയാം


2 min read
Read later
Print
Share

Representative Image| Photo: Canva.com

കരുവാരക്കുണ്ട് : കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു. തിങ്കളാഴ്ച മാത്രം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കരുവാരക്കുണ്ടിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 38 ആയി.

സംസ്ഥാനത്തുതന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കരുവാരക്കുണ്ട് മുന്നിലാണ്. സമീപ പഞ്ചായത്തുകളായ കാളികാവിലും ചോക്കാട്ടും ഡെങ്കിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും കരുവാരക്കുണ്ടിലെ സ്ഥിതി ആശങ്ക പടർത്തുന്നതാണ്. രോഗബാധിതരുടെ എണ്ണം കുറയാത്തതിനാൽ കരുവാരക്കുണ്ട് ഡെങ്കിപ്പനി ഹോട്സ്പോട്ടിൽ തുടരുകയാണ്.

പ്രത്യേക സാഹചര്യം മുൻനിർത്തി പരിസ്ഥിതിദിനത്തിൽ കുട്ടികളും ബോധവത്കരണത്തിന് ഇറങ്ങി. പുൽവെട്ട ഗവ. എൽ.പി. സ്കൂളിലെ ജെ.ആർ.സി. അംഗങ്ങൾ സ്കൂൾ പരിസരത്തെ വീടുകളിൽ ബോധവത്കരണ സന്ദേശം നൽകി. പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും ഡെങ്കിപ്പനി വ്യാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥർ ഉൾപ്പെടെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

കുട്ടികളുടെ ഇടപെടൽ കൂടുതൽ ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യം കുട്ടികൾ വീട്ടുകാർക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ

സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

Content Highlights: dengue rat fever spike in karuvarakundu, dengue fever symptoms and causes

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Veena George

1 min

കനത്ത മഴ; പകര്‍ച്ചപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

Sep 29, 2023


heart

1 min

റെയില്‍വേ സ്റ്റേഷനില്‍ പ്രണയപുഷ്പം  വിരിയിച്ച 'കെയറിങ് ഹാര്‍ട്ട്'

Sep 30, 2023


vaccine

2 min

മിഷന്‍ ഇന്ദ്രധനുഷ്: കേരളത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് 1,16,000 കുട്ടികള്‍ക്ക് 

Aug 4, 2023


Most Commented