പ്രതീകാത്മക ചിത്രം | Photo: Canva.com
ബ്വൊയെനോസ് ഐറിസ്: അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേരെയാണ് നിലവിൽ രോഗം ബാധിച്ചിരിക്കുന്നത്. നാല്പതിലധികം പേർ മരണപ്പെടുകയും ചെയ്തു. അര്‍ജന്റീനയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് പനി കൂടുതല്‍ വ്യാപകമാകുന്നത്.
ഈഡിസ് ഈജിപ്‌തി കൊതുകുകളാണ് ഡെങ്കിപ്പനി പറരത്തുന്നത്. 2020-ലാണ് അവസാനമായി അര്‍ജന്റീനയില്‍ ഇത്തരമൊരു ഡെങ്കിപ്പനി വ്യാപനം ഉണ്ടായത്. ആഗോളതലത്തില്‍ ഉഷ്ണം വര്‍ധിച്ചതോടെ കൊതുകുകളുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യതയെന്നും തെക്കന്‍ വശങ്ങളിലേക്ക് ഇവ വ്യാപിക്കുകയാണെന്നും ബയോളജിസ്റ്റ് ആയ മരിയാനെലാ ഗാര്‍സിയാ ആല്‍ബാ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
രോഗവ്യാപന പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയോട് പൊരുതാനായി ആണ്‍കൊതുകുകളെ റേഡിയേഷന് വിധേയമാക്കുകയാണ് രാജ്യത്തെ ബയോളജിസ്റ്റുകള്‍. ഡിഎന്‍എ വ്യതിയാനത്തിലൂടെ ഇവയുടെ പ്രത്യുത്പാദനശേഷി നശിപ്പിച്ച ശേഷം ഇവയെ കൂട്ടത്തോടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ഇവര്‍. ഡിഎന്‍എയിലുണ്ടായ തകരാറുമൂലം ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് ജീവനശേഷി നഷ്ടപ്പെടും. ഇത്തരത്തില്‍ ഇവയുടെ വ്യാപനം തടയാനാകും.
അര്‍ജന്റീനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ സാള്‍ട്ട, ട്യൂക്കുമാന്‍ഡ, ജുജൂയ് , ചിലിയും ബൊളീവിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പനി, തലവേദന, ഛര്‍ദി, സന്ധിവേദന, ക്ഷീണം, ഓക്കാനം എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍. വാതിലുകളിലും ജനലുകളിലുകളിലുമെല്ലാം നെറ്റുകള്‍ കൊണ്ട് മറതീർക്കുക, കൊതുകുകള്‍ പെറ്റുപെരുകുന്നത് തടയാന്‍ വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സ്രോതസ്സുകളേയും നശിപ്പിക്കുക തുടങ്ങി ഈഡിസ് ഈജിപ്‌തി കൊതുകുകളെ തുരത്താനുള്ള എല്ലാ മാര്‍ഗങ്ങളും ജനങ്ങള്‍ സ്വീകരിക്കണമെന്ന നിർദേശവും ആരോഗ്യമന്ത്രാലയം നൽകുന്നുണ്ട്.
Content Highlights: dengue fever killed more than 40 in argentina and affected more than 60,000 people
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..