Representative Image | Photo: Gettyimages.in
കോട്ടയം: മഴയും വെയിലും മാറിവരുന്ന സാഹചര്യത്തിൽ പനി പടർന്നുപിടിക്കുന്ന കാലം. ചിലർക്ക് കോവിഡ്. ചിലർക്ക് ഡെങ്കിപ്പനി. കോവിഡ്, ഡെങ്കിപ്പനി ലക്ഷണങ്ങൾ ഒരേപോലെയാണെന്നത് ആളുകളിലും ആരോഗ്യപ്രവർത്തകരിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനംമൂലം ജലദോഷം, പനി, ചുമ, ശരീരവേദന എന്നിവയാണ് സാധാരണയായി കാണുന്നതെങ്കിലും ചിലർക്കെങ്കിലും അത് കോവിഡ് ലക്ഷണമാകാം. നിലവിൽ കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാൽ പനി ഏതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരിൽ കോവിഡുണ്ടാകാനും സാധ്യതയുണ്ട്. ഇവർക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തണം. മണവും രുചിയും നഷ്ടമാകുന്നത് കോവിഡിന്റെ മാത്രം രോഗലക്ഷണമാണ്.
ഡെങ്കിപ്പനി ബാധിതരിൽ ഇത്തരമൊരു രോഗലക്ഷമുണ്ടാകാറില്ല. വയറിളക്കം രണ്ടിലും വരാം. പനി, വരണ്ട ചുമ, ക്ഷീണം, തൊണ്ടവേദന, കണ്ണ് വേദന,ലവേദന, ശ്വാസംമുട്ടൽ, നെഞ്ച്വേദന എന്നിവയെല്ലാം കോവിഡ് ലക്ഷണങ്ങളാണ്. ഡെങ്കിപ്പനിയുള്ളവർക്ക് സന്ധിവേദന, പേശിവേദന, ഉയർന്ന പനി, ശരീരത്തിൽ തിണർപ്പ്, നിരന്തരമുള്ളഛർദി, അതിഭയങ്കരമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ചികിത്സ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ മാറുന്ന രോഗമാണ് ഡെങ്കിപ്പനി.
ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി, ചില ആളുകൾക്കു വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം തുടങ്ങിയവയാണ് എലിപ്പനി ലക്ഷണങ്ങൾ. ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ചില ലക്ഷണങ്ങളും ഒരുപോലെയാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..