തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണമുയരാൻ കാരണം കൊതുകുകളുടെ ജനിതക മാറ്റമാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് സുവോളജി വിഭാഗവും രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പുതുച്ചേരിയിൽനിന്നുള്ള ഇന്റർനാഷണൽ ജേണൽ ഓഫ് മോസ്‌ക്വിറ്റോ റിസർച്ചിൽ പഠനം പ്രസിദ്ധീകരിച്ചു.
എന്തൊക്കെ ജനിതകമാറ്റങ്ങളാണ് കൊതുകുകളിൽ ഉണ്ടായതെന്നതു സംബന്ധിച്ച പഠനം തുടരുകയാണ്. ആഗോളതാപനം അടക്കമുള്ള പ്രശ്‌നങ്ങൾ ജീവജാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളാവും ഇതിന് കാരണമെന്ന് ഗവേഷകസംഘം വിലയിരുത്തുന്നു.
കാസർകോട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നാണ് കൊതുകിന്റെയും ലാർവകളുടെയും സാമ്പിളുകൾ സംഘം ശേഖരിച്ചത്.
ഈഡിസ് കൊതുകുകൾക്ക് വൈറസ് പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് വൈറസ് പ്രതിരോധശേഷി നഷ്ടപ്പെടുന്നുവെന്നതാണ് പ്രധാന കണ്ടെത്തൽ. ഇതുകാരണം വൻതോതിൽ ഡെങ്കിവൈറസുകൾ കൊതുകിനുള്ളിൽ പെറ്റുപെരുകുന്നു. സാധാരണ, ഡെങ്കിപ്പനിയുള്ള ഒരാളെ കടിക്കുമ്പോഴാണ് വൈറസ് കൊതുകിലേക്ക് കടക്കുന്നത്. ഈ കൊതുക് മറ്റൊരാളെ കടിക്കുമ്പോൾ രോഗം പകരുന്നു. എന്നാൽ, പ്രതിരോധശേഷി കുറഞ്ഞതിനാൽ കൊതുകിന്റെ മുട്ടയിലേക്കും അതിലൂടെ അടുത്ത തലമുറയിലേക്കും രോഗവാഹികളായ വൈറസുകൾ പടരുന്നു. തിരുവനന്തപുരം ജില്ലയിലെ സാമ്പിളുകളിലാണ് ഈ സ്ഥിതി കൂടുതൽ കണ്ടെത്തിയത്.
വൈറസ് കൊതുകിൽനിന്ന് മുട്ടയിലേക്ക്
സാധാരണ മുട്ടകളിലൂടെ വൈറസ് പകരാറില്ലെന്ന് ഗവേഷകർ പറയുന്നു. തലമുറകളിലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ പനി നിയന്ത്രണമായ സ്ഥലങ്ങളിലും വീണ്ടും രോഗം പടരും. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ഇത് വെല്ലുവിളിയാകും.
ഈഡിസ് കൊതുകിന്റെ രണ്ട് വിഭാഗങ്ങളും തലസ്ഥാനജില്ലയിൽ ഡെങ്കി പരത്തുന്നുണ്ട്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നിങ്ങനെ രണ്ടുവിഭാഗം കൊതുകുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആൽബോപിക്റ്റസ് കൊതുകുകൾ അപൂർവമായേ ഡെങ്കി വൈറസ് വാഹകരാവാറുള്ളൂ. മറ്റു ജില്ലകളിൽ അപൂർവമായി മാത്രമാണ് ഈ വിഭാഗത്തിൽ വൈറസിനെ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിൽ രണ്ടുവിഭാഗം കൊതുകുകളും ഒരേപോലെ രോഗം പരത്തുന്നു. ജനിതക ഘടനയിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്ന് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.
റീജണൽ കാൻസർ സെൻറർ റേഡിയോളജി ടെക്നീഷ്യൻ എസ്. സുനിൽകുമാർ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ വിഷയം പഠനത്തിന് തിരഞ്ഞെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡി.എ. ഇവാൻസ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞരായ ആർ. ഹീര പിള്ള, ആർ. രാധാകൃഷ്ണൻ നായർ, കാഞ്ചീപുരം മീനാക്ഷി മെഡിക്കൽ കോളേജിലെ ഡോ. കെ. മുത്തുലക്ഷ്മി, യൂണിവേഴ്‌സിറ്റി കോളേജ് സുവോളജി വിഭാഗം മുൻ അധ്യാപകൻ ഫ്രാൻസിസ് സണ്ണി എന്നിവർ ചേർന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.