Representative Image| Photo: Gettyimages
ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ ഏഴാമത്തേതാണ് ഡിമെന്‍ഷ്യ അഥവാ മറവി രോഗങ്ങളെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് പ്രായമായവരില്‍ വൈകല്യത്തിനും പരാശ്രയത്തിനും പ്രധാനപ്പെട്ട കാരണവുമാണ് ഡിമെന്‍ഷ്യ.
ലോകത്താകമാനം 55 മില്ല്യണ്‍ ആളുകളാണ് ഡിമെന്‍ഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വര്‍ഷവും 10 മില്ല്യണ്‍ പുതിയ ഡിമെന്‍ഷ്യ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെന്‍ഷ്യ രോഗങ്ങളിലൊന്നാണ് അല്‍ഷൈമേഴ്‌സ് രോഗം. ഡിമെന്‍ഷ്യയിലെ ഏതാണ് 60-70 ശതമാനവും അല്‍ഷൈമേഴ്‌സ് ആണ്.
ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെന്‍ഷ്യ എന്ന് പൊതുവായി ദി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശേഷിപ്പിക്കുന്നത്.
ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളില്‍ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവര്‍, കുടുംബങ്ങള്‍, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.
ഓര്‍മക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങള്‍, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങള്‍ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാന്‍ അപരിചിതമായ വാക്കുകള്‍ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകള്‍ മറക്കുക, പഴയ ഓര്‍മകള്‍ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങള്‍ ഡിമെന്‍ഷ്യ ബാധിതരില്‍ കാണാനാവുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
നിലവില്‍ ഡിമെന്‍ഷ്യ പരിഹരിക്കാനുള്ള ചികിത്സകള്‍ ലഭ്യമല്ല. നിലവില്‍ ഡിമെന്‍ഷ്യയ്‌ക്കെതിരെ ഉപയോഗിക്കാവുന്ന മരുന്നുകള്‍ക്കും രോഗതീവ്രത കുറയ്ക്കാനുള്ള തെറാപ്പികള്‍ക്കും കുറഞ്ഞ കാര്യശേഷി മാത്രമേ ഉള്ളൂവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
നേരത്തെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാന്‍ സാധിക്കും. ഡിമെന്‍ഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.
Content Highlights: Dementia is 7th leading cause of death globally World Health Organisation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..