ജനീവ: കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിനെ നേരിടാൻ വാക്സിനൊപ്പം മുഖാവരണവും അനിവാര്യമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). സംഘടനയുടെ റഷ്യയിലെ പ്രതിനിധി മെലിറ്റ വുജ്നോവിക്കാണ് ഇക്കാര്യമറിയിച്ചത്.

“വാക്സിൻ എടുക്കുന്നതിനൊപ്പം മുഖാവരണം ധരിക്കുന്നതും ഏറെ പ്രധാനപ്പെട്ടതാണ്. വാക്സിൻകൊണ്ടുമാത്രം ഡെൽറ്റയെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ല. വൈറസ് വ്യാപനസാധ്യത കുറയ്ക്കാൻ വാക്സിൻ അത്യാവശ്യമാണ്. അതിനൊപ്പം മുഖാവരണം ധരിക്കലുൾപ്പെടെയുള്ള അധികസുരക്ഷാനടപടികളും വേണം. കുറഞ്ഞസമയത്തിനുള്ളിൽ പ്രതിരോധം കൈവരിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരും” -വുജ്‌നോവിക് പറഞ്ഞു.

ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ പ്ലസ് വകഭേദം ഇതിനകം 11 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. റഷ്യ, യു.എസ്., ജപ്പാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിൽ മൂന്നാം തരംഗം പടർത്തി ഡെൽറ്റ

ജൊഹാനസ്ബർഗ്: ഡെൽറ്റ വ്യാപനം രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ മൂന്നാംതരംഗം. ശനിയാഴ്ച 18,762 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജനുവരിക്കുശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണിത്. ഇത് ആശുപത്രിസംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.

5.86 കോടി ജനങ്ങളിൽ 24 ലക്ഷം പേർക്കുമാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇതുവരെ 85 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചതായി ഡബ്ല്യു.എച്ച്.ഒ. നേരത്തേ അറിയിച്ചിരുന്നു.

ലാംഡ വകഭേദം ബ്രിട്ടനിലും

ലണ്ടൻ: കോവിഡ് വൈറസിന്റെ ലാംഡ വകഭേദം ബ്രിട്ടനിലും. ഫെബ്രുവരി 23-നും ജൂൺ ഏഴിനുമിടയിൽ ലാംഡ വകഭേദം ബാധിച്ച ആറു കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിൽ അഞ്ചും വിദേശത്തുനിന്നു വന്നവരാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പെറുവിലാണ് ലാംഡ വകഭേദം കണ്ടെത്തിയത്. ഇതിനകം 30-ഓളം രാജ്യങ്ങളിൽ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച 35,204 ഡെൽറ്റ കേസുകളാണ് സ്ഥിരീകരിച്ചത്.

Content Highlights: Delta Plus variant Face mask with vaccine is essential -WHO, Health, Covid19