Representative Image | Photo: Canva.com
ന്യൂഡല്‍ഹി: ഒമ്പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതയായിരുന്ന 51 വയസ്സുകാരിയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. സാവിത്രി ദേവി എന്ന സ്ത്രീയുടെ തലച്ചോറിലാണ് പേസ്മേക്കര്‍ ഇംപ്ലാന്റ് ചെയ്തത്.
തുടക്കത്തില്‍ വിറയലും ചലനങ്ങള്‍ക്ക് നേരിയ തടസ്സവും (പ്രാഡികിനേഷ്യ) മാത്രമായിരുന്നു സാവിത്രിയില്‍ പ്രകടമായിരുന്ന ലക്ഷണങ്ങള്‍. എന്നാല്‍, പിന്നീട് ഇവ വഷളാവുകയും മരുന്നു കഴിച്ചതിനുശേഷവും നടക്കാനോ തിരിയാനോ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെയുമായി. കൈകളുടേയും കാലുകളുടേയും ചലനത്തിൽ നിയന്ത്രണം നഷ്ടമായി. കൂടാതെ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു. ഇവരുടെ അവസ്ഥ വിലയിരുത്തിയശേഷം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷന്‍ അഥവാ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിന് സമമായ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.
തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന പുതിയ തരം ശസ്ത്രക്രിയയാണ് ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷനെന്ന് ന്യൂറോസര്‍ജറി വിഭാഗം അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റ് ഡോ.ശ്രേയ് ജെയിന്‍ പറഞ്ഞു. തലച്ചോറിൽ പേസ്മേക്കര്‍ ഘടിപ്പിക്കുന്നത് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. തലച്ചോറിലെ സബ്തലാമിക് ന്യൂക്ലിയസ് എന്ന ഭാഗം ഉത്തേജിപ്പിക്കുകയായിരുന്നു തങ്ങളുടെ പദ്ധതിയെന്നും ഇതിലൂടെ രോഗം നിയന്ത്രിക്കുകയും രോഗിയുടെ ജീവിതശൈലി മെച്ചപ്പെടുത്തുകയുമായിരുന്നു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
വിദഗ്ധരായ അനസ്തീസ്റ്റിസ്റ്റുകളുടേയും സാങ്കേതികവിദഗ്ധരുടേയും സാന്നിധ്യത്തില്‍ ഏറ്റവും നൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോ.ശ്രേയ് പറഞ്ഞു.
തലച്ചോറിന്റെ ഇരുവശങ്ങളിലേക്കുമായി രണ്ട് ഇലക്ട്രോഡുകള്‍ കടത്തിവിടുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ശസ്ത്രക്രിയയിക്കിടെ രോഗിയുടെ ബ്രെയിന്‍ കറന്റ് നിരീക്ഷിക്കുകയും അതുവഴി അവരുടെ സംസാരം, ചലനങ്ങള്‍ എന്നിവയുടെ പുരോഗതി നിരീക്ഷിച്ച് ശസ്ത്രക്രിയയിലൂടെ പരമാവധി നേട്ടമുണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുകയുമായിരുന്നു.
ശസ്ത്രക്രിയയ്ക്കിടയിൽ ഒരു തവണ അവര്‍ സംസാരം നിര്‍ത്തിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇലക്ട്രോഡുകള്‍ പുനഃസ്ഥാപിക്കുകയും അതോടെ അവര്‍ വീണ്ടും സംസാരിച്ചുതുടങ്ങുകയും ചെയ്തതായി ഡോ. ശ്രേയ് പറഞ്ഞു. സര്‍ജറിക്ക് ശേഷം സിടി സ്‌കാന്‍ നടത്തി ഇലക്ട്രോഡുകള്‍ കൃത്യസ്ഥാനത്താണെന്ന് ഉറപ്പിച്ചു. പിന്നീട് ചെസ്റ്റ് വാളില്‍ പേസ്മേക്കറിന് സമമായി ഒരു ബാറ്ററി ഇന്‍സര്‍ട്ട് ചെയ്യുകയായിരുന്നു.
സര്‍ജറിക്ക് ശേഷം ദേവിക്ക് നല്ല പുരോഗതി ഉണ്ട്. മരുന്നുകളില്‍നിന്നും യാതൊരു പാര്‍ശ്വഫലങ്ങളുമില്ല. മരുന്നിന്റെ ഡോസും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തനിക്ക് അസാധ്യം എന്ന് കരുതിയിരുന്ന ഒരു ജീവിതമാണ് ഇപ്പോള്‍ ദേവി നയിക്കുന്നത്. കൈകാലുകളുടെ വിറയല്‍ മാറി. ഇപ്പോള്‍ കൈകള്‍കൊണ്ട് സാധനങ്ങള്‍ പിടിക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
ലോകത്തില്‍ പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതരായി 70 ലക്ഷത്തിലധികം ആളുകളുണ്ട്. ഇന്നത്തെ സാങ്കേതികവിദ്യയുടേയും സര്‍ജിക്കല്‍ വൈദഗ്ധ്യങ്ങളുടേയും സഹായത്തോടെ ഇവര്‍ക്കെല്ലാം മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യാവുന്നതേയുള്ളൂവെന്നാണ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അജിത് കെ. സിന്‍ഹ പറയുന്നത്. വിറയല്‍, ഡിസ്റ്റോണിയ, വിഷാദം, ഒസിഡി, അപസ്മാരം, വിട്ടുമാറാത്ത വേദന എന്നീ അസുഖങ്ങള്‍ക്കും ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷന്‍ വഴി പുരോഗതിയുണ്ടാകുമെന്നും ഡോ.അജിത് സിന്‍ഹ പറയുന്നു.
Content Highlights: delhi doctors impant pacemaker in the brain of a woman affected by parkinson's disease


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..