ജിതേന്ദ്ര മണി | Photos: facebook.com/jitendramanidcp
ഭക്ഷണം കുറച്ചിട്ടും വർക്കൗട്ട് ചെയ്തിട്ടുമൊന്നും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. കൃത്യമായ രീതിയിൽ വർക്കൗട്ട് ചെയ്യുകയും ഡയറ്റ് പിന്തുടരുകയുമാണെങ്കിൽ ഫലം നിശ്ചയമാണ്. അത്തരത്തിലൊരു വണ്ണം കുറയ്ക്കൽ ജൈത്രയാത്രയിലൂടെ വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് ഡൽഹിയിൽ നിന്നൊരു പോലീസ് ഉദ്യോഗസ്ഥൻ. ഡെപ്യൂട്ടി കമ്മീഷണറായ ജിതേന്ദ്ര മണി ആണ് എട്ടുമാസം കൊണ്ട് 46 കിലോ കുറച്ച് വാർത്തയിലെ താരമായത്.
നിലവിലെ ഭാരത്തിലേക്ക് എത്തുന്നതിന് മുമ്പ് അമിതഭാരത്താൽ വലഞ്ഞൊരു കാലവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അന്ന് 130 കിലോയോളമായിരുന്നു ജിതേന്ദ്രയുടെ ഭാരം. ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം നേരിടുന്നുണ്ടായിരുന്നു. ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയൊക്കെ ജിതേന്ദ്രയുടെ ആരോഗ്യം തളർത്തിയിരുന്നു.
ഇതോടെയാണ് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാൻ സമയമായെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. അങ്ങനെ തന്റെ ശീലങ്ങളിൽ കണിശമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ തുടങ്ങിയതിനൊപ്പം ദിവസം 15,000 ചുവടുകൾ നടക്കാനും തുടങ്ങി.
Also Read
ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഡയറ്റിൽ നിന്നുള്ള മാറ്റമായിരുന്നു പ്രധാനമെന്ന് അദ്ദേഹം പറയുന്നു. റൊട്ടിയും ചോറുമൊക്കെ കഴിക്കുന്ന ശീലം മാറ്റിവച്ച് കൂടുതൽ പോഷകസമ്പന്നമായ സൂപ്പ്, സാലഡ്, പഴങ്ങൾ തുടങ്ങിയവ കഴിച്ചുതുടങ്ങി. കണിശമായ ഡയറ്റ് തുടങ്ങിയതോടെ വെറും എട്ടുമാസം കൊണ്ട് ഇടുപ്പിന്റെ ഭാഗത്തുനിന്ന് 12 ഇഞ്ചോളം കുറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല കൊളസ്ട്രോൾ നിലയും നന്നേ കുറഞ്ഞു.
ഒരു മാറ്റത്തിനായി തീരുമാനിച്ചപ്പോൾ ഒരുമാസത്തിൽ 4.5 ലക്ഷം ചുവടുകൾ നടക്കുമെന്ന ലക്ഷ്യമാണ് ഇട്ടത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 32 ലക്ഷത്തോളം ചുവടുകൾ നടന്നുകഴിഞ്ഞു- ജിതേന്ദ്ര മണി പറയുന്നു.
കഠിനമായ പരിശ്രമത്തിനൊടുവിൽ 84 കിലോയിലേക്ക് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ജിതേന്ദ്രയുടെ അർപ്പണബോധത്തിന് ഡിപ്പാർട്മെന്റിൽ നിന്നും അനുമോദനം ലഭിക്കുകയുണ്ടായി. 90,000 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽവച്ച് പോലീസ് കമ്മീഷണർ സഞ്ജയ് അറോറ അദ്ദേഹത്തിന് പ്രശംസാപത്രവും നൽകി.
തന്നെ ഈ മാറ്റത്തിനായി പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും നന്ദി പറയുന്നുമുണ്ട് ജിതേന്ദ്ര മണി.
Content Highlights: delhi cop jitendra mani sheds 46 kg in 8 months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..