കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ കോവിഡ് പരിശോധനാഫലത്തിനായി ദിവസങ്ങള്‍നീണ്ട കാത്തിരിപ്പ്. സ്രവമെടുത്ത് മൂന്നും നാലും ദിവസം കഴിയുമ്പോഴാണ് ആര്‍.ടി.പി.സി.ആര്‍. ഫലം കിട്ടുന്നതെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ദിവസമെടുക്കുന്നുണ്ട്. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായ ജീവനക്കാരെ പിരിച്ചുവിട്ടതോടെ മലാപ്പറമ്പ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ കോവിഡ് പരിശോധന മുടങ്ങിയതാണ് വിനയായത്.

നേരത്തെ ഒരുദിവസംകൊണ്ട് പരിശോധനാഫലം കിട്ടിയിരുന്നിടത്താണിപ്പോള്‍ നീണ്ട കാത്തിരിപ്പ്. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെയുള്ള പല ജീവനക്കാരുമാണ് ഇതുകാരണം ബുദ്ധിമുട്ടിലായത്. പരിശോധനാഫലം കിട്ടാതെ സ്‌കൂളില്‍ പോകാന്‍ പറ്റില്ല.

തൊണ്ടവേദന കാരണം ചൊവ്വാഴ്ച ബീച്ചാശുപത്രിയില്‍നിന്ന് സ്രവമെടുത്ത വിദ്യാര്‍ഥിനിയുടെ പരിശോധനാഫലം വൈകിയതിന്റെ പ്രയാസമാണ് ഒരു രക്ഷിതാവ് പങ്കുവെച്ചത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കോവിഡ് സമ്പര്‍ക്കമുണ്ടായതിനാല്‍ പരിശോധന നടത്തിയ അധ്യാപകന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഫലം വൈകുമെന്ന കാര്യം അധികൃതര്‍ കൃത്യമായി പറഞ്ഞിരുന്നെങ്കില്‍ ഇത്രയേറെ പ്രയാസമുണ്ടാകില്ലായിരുന്നുവെന്നും മറ്റെവിടെനിന്നെങ്കിലും ടെസ്റ്റ് ചെയ്യാമായിരുന്നുവെന്നുമാണ് ബീച്ച് ആശുപത്രിയില്‍ എത്തിയവര്‍ പറയുന്നത്. പ്രായമായവര്‍ ഉള്‍പ്പെടെ പലതവണ ആശുപത്രിയില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്.

ആരോഗ്യവകുപ്പിന് കീഴില്‍ കോവിഡ് പരിശോധന നടത്തുന്നത് മലാപ്പറമ്പ് ലാബിലായിരുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച ജീവനക്കാരെ ഒഴിവാക്കിയതോടെ സയന്റിസ്റ്റും ഇല്ലാതായി. അതോടെ പരിശോധന മുടങ്ങി. മൊബൈല്‍ ലാബിലാണ് ഇപ്പോള്‍ പരിശോധന.

അതിനാല്‍ ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ലാബില്‍മാത്രം 23 പേരെയാണ് പിരിച്ചുവിട്ടത്. ഇപ്പോള്‍ ഉള്ളത് ഒരാള്‍ മാത്രം. ഇതോടെ പ്രവര്‍ത്തനം താളംതെറ്റി. മലാപ്പറമ്പില്‍ മാത്രം ശരാശരി ഒരുദിവസം ആയിരത്തിലേറെ പരിശോധന നടത്തിയിരുന്നു. അതാണ് മുടങ്ങിയത്. ഇപ്പോഴുള്ള പ്രശ്‌നം പരിശോധിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

Content Highlights: Delay in Covid 19 test results at kozhikode