അഗാധമായ ഉറക്കം മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പുതിയ പഠനം. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയാണ് ഈ പഠനഫലം സയന്‍സ് അഡ്‌വാന്‍സസില്‍ പ്രസിദ്ധീകരിച്ചത്.
അഗാധമായ ഉറക്കത്തിന് മസ്തിഷ്‌കത്തിലെ മാലിന്യങ്ങളെ നീക്കാനുള്ള കഴിവുണ്ടെന്ന് പഴയീച്ചകളില്‍ നടത്തിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ക്ക് ഇടയാക്കുന്ന ടോക്‌സിക് പ്രോട്ടീനുകള്‍ ഉള്‍പ്പെടുന്നവയാണ് ഈ മാലിന്യങ്ങള്‍.
മസ്തിഷ്‌കത്തിലെ ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മസ്തിഷ്‌കം ആരോഗ്യത്തോടെ പരിപാലിക്കാനും ന്യൂറോജീജെനറേറ്റീവ് രോഗങ്ങളില്‍ നിന്ന് മസ്തിഷ്‌കത്തെ രക്ഷിക്കാനും ഇത് അത്യാവശ്യമാണെന്ന് പഠന സംഘത്തിലെ മുതിര്‍ന്ന ഗവേഷകന്‍ ഡോ. രവി അല്ലാഡ പറഞ്ഞു.
സാധാരണ ഉറക്കത്തിനിടെ ഇത്തരം മാലിന്യങ്ങള്‍ മസ്തിഷ്‌കത്തില്‍ നിന്നും നീക്കം ചെയ്യപ്പെടാറുണ്ടെങ്കിലും അഗാധമായ ഉറക്കമാണ് ഇതിന് കൂടുതല്‍ സഹായിക്കുകയെന്ന് അദ്ദേഹം പറയുന്നു. നോര്‍ത്ത് വെസ്റ്റേണ്‍ സെന്റര്‍ ഫോര്‍ സ്ലീപ്പ് ആന്‍ഡ് സിര്‍ക്കാഡിയന്‍ ബയോളജിയിലെ അസോസിയേറ്റ് ഡയറക്ടറാണ് ഡോ. രവി അല്ലാഡ.
പഴയീച്ചകള്‍ക്ക് മനുഷ്യനുമായി വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും അവയുടെ ഉറക്കം-ഉണരല്‍ ഘട്ടങ്ങള്‍ നിയന്ത്രിക്കുന്ന ന്യൂറോണുകള്‍ മനുഷ്യരുടേതിന് സമാനമാണ്. അതിനാല്‍ തന്നെ ഉറക്കം, ജൈവഘടികാരം, ന്യൂറോജെനറേറ്റീവ് രോഗങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഏറ്റവും മികച്ച മാതൃകയാണ് പഴയീച്ചകള്‍.
പഴയീച്ചകളുടെ അഗാധമായ ഉറക്കത്തിന്റെ ഒരു ഘട്ടമായ പ്രോബോസിസ് എക്സ്റ്റന്‍ഷന്‍ സ്ലീപ്(PES) മനുഷ്യരിലെ അഗാധമായ ഉറക്കത്തിന് സമാനമാണ്. ഈ ഘട്ടത്തില്‍ പഴയീച്ചകള്‍ അവയുടെ കൊമ്പ് തുടര്‍ച്ചയായി അകത്തേക്ക് വലിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിലുള്ള പമ്പിങ് ചലനങ്ങള്‍ മസ്തിഷ്‌ക മാലിന്യങ്ങളെ നീക്കാന്‍ സഹായിക്കുന്നുണ്ടെന്നും പരിക്കുകളില്‍ നിന്ന് മുക്തിനേടാന്‍ സഹായിക്കുന്നുണ്ടെന്നും കണ്ടെത്തി.
അഗാധമായ ഉറക്കത്തിലൂടെ മസ്തിഷ്‌കം മാലിന്യങ്ങള്‍ അകന്ന് ശുദ്ധീകരിക്കപ്പെടുകയാണ്. എന്തിനാണ് മനുഷ്യര്‍ ഉള്‍പ്പടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഉറക്കം അത്യാവശ്യമാവുന്നത് എന്ന് ഈ പഠനത്തിലൂടെ വ്യക്തമായിരിക്കുകയാണ്.
Content Highlights: Deep sleep prevents neurodegenerative disease crucial for brain health study, Health