തിരുവനന്തപുരം: രണ്ടരലക്ഷം ബാച്ച് മരുന്നുകള്‍ വിപണിയിലുള്ള സംസ്ഥാനത്ത് മാസത്തിലൊരിക്കല്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നത് 800-ല്‍ താഴെ മരുന്നുകള്‍ മാത്രം.

പരിശോധന കൂട്ടിയില്ലെങ്കില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ വന്‍തോതില്‍ വിറ്റഴിക്കാന്‍ ഇടയുണ്ട്. ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ ഇതരസംസ്ഥാനങ്ങളിലെ വിതരണക്കാരില്‍നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് നേരിട്ട് മരുന്നെത്തുന്നുണ്ട്. ഇവ പരിശോധിക്കാന്‍ നിലവിലെ സംവിധാനം അപര്യാപ്തമാണ്.

ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിമിതികാരണം ഗുണനിലവാര പരിശോധന ഉയര്‍ത്താന്‍ കഴിയുന്നില്ലെന്നും നിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.മാസം 1000 കോടി രൂപയുടെ മരുന്നുകള്‍ വിറ്റഴിയുന്ന സംസ്ഥാനത്ത് ഇവയുടെ ഗുണനിലാരം ഉറപ്പുവരുത്താനും വില്‍പ്പന നിയന്ത്രിക്കാനും 47 ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണുള്ളത്.

30,000 ഔഷധവിപണന സ്ഥാപനങ്ങളുടെ മേല്‍നോട്ടവും സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഗുണനിലവാര പരിശോധയും ഇവരുടെ ചുമതലയാണ്.

പരിശോധനയ്ക്ക് പരമാവധി 13 ഇനം മരുന്നുമാത്രം

നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് പരമാവധി 13 ഇനം മരുന്നുകളാണ് ഒരുമാസം പരിശോധനയ്ക്ക് എടുക്കാന്‍ കഴിയുക. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുകയോ, മരുന്നെടുക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗം രൂപതവ്കരിക്കുകയോ ചെയ്യാതെ വ്യാജമരുന്നുകളുടെ വിതരണം തടയാന്‍ കഴിയില്ല. ആറു സ്ഥലങ്ങളില്‍ മാത്രമാണ് ജില്ലാ മേധാവിമാരുള്ളത്. ഭൂരിഭാഗം ഓഫീസുകള്‍ക്കും വാഹനങ്ങളില്ല. പരാതികളില്‍ പെട്ടെന്ന് അന്വേഷണം നടത്താന്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുമില്ല. 2013-ല്‍ 15 ഇന്‍സ്‌പെക്ടര്‍മാരുടെയും മൂന്ന് ജില്ലാ ഓഫീസര്‍മാരുടെയും തസ്തിക സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ നടപ്പായില്ല

തിരുവനന്തപുരത്തിന് പുറമേ എറണാകുളം, തൃശ്ശൂര്‍ എന്നിവടങ്ങളില്‍ ലാബുകള്‍ സജ്ജീകരിച്ചെങ്കിലും സാംപിള്‍ എടുക്കേണ്ട ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണത്തില്‍ 20 വര്‍ഷത്തിനിടെ വര്‍ധനയുണ്ടായിട്ടില്ല. വ്യാജമരുന്നുകളുടെ വിപണനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മഷേല്‍ക്കര്‍ കമ്മിറ്റിയും അടിയന്തരമായി ഡ്രഗ്സ് കണ്‍ട്രോള്‍വകുപ്പ് വിപുലീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തികയിലേക്ക് പി.എസ്.സി. തയാറാക്കിയ പട്ടിക നിലവിലുണ്ട്.

Content Highlights: Decrease in Medicine quality inspection, Health, Medicine