Representative Image| Photo: Canva.com
ലോകത്ത് ഏറ്റവുമധികം മരണങ്ങൾക്ക് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. ആഗോളതലത്തിൽ നടക്കുന്ന മരണങ്ങളിലെ മൂന്നിലൊന്നും ഹൃദ്രോഗങ്ങൾ മൂലം ആണെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാർട്ട് ഫെയ്‌ലിയർ എന്നിങ്ങനെ മൂന്നുവിധത്തിലാണ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളത്. ഇപ്പോഴിതാ ഹൃദയാഘാതത്തെക്കുറിച്ച് പുറത്തുവന്നൊരു പഠനമാണ് ശ്രദ്ധനേടുന്നത്. തീവ്രമായ ഹൃദയാഘാതങ്ങൾ ഉണ്ടാകുന്ന ദിനത്തെക്കുറിച്ചാണ് ഈ പഠനം.
ഏറ്റവും തീവ്രമായ ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നത് തിങ്കളാഴ്ചകളിൽ ആണ് എന്നാണ് പഠനം പറയുന്നത്. അയർലൻഡിലെ ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റിലെയും റോയൽ കോളേജ് ഓഫ് സർജൻസിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 10,528 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് സംഘം വിലയിരുത്തലിൽ എത്തിയത്. 2013നും 2018നും ഇടയിലുള്ള ഡേറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്.
ഹൃദയ പേശികളിലേക്കു പോകുന്ന രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് കുഴലുകൾ ചുരുങ്ങുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. വളരെ തീവ്രമായ ഹൃദയാഘാതങ്ങൾ വന്നവരുടെ രേഖകളാണ് പഠനത്തിനായി സ്വീകരിച്ചത്. STEMI(ST-segment elevation myocardial infarction ) സ്ഥിരീകരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരായിരുന്നു അവർ. പ്രധാന ഹൃദയധമനികൾ പൂർണമായും ബ്ലോക്ക് ആകുന്ന അവസരങ്ങളെയാണ് STEMI എന്ന് പറയുന്നത്. ഏറ്റവും ഗുരുതരമായ ഹൃദയാഘാതങ്ങളിൽ ഒന്നാണ് ഇത്.
നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം, വയറുവേദന, ഉത്കണ്ഠ, വിയർപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാകും ആശുപത്രിയിൽ പ്രവേശിപ്പിക്കുക. ഈ വിഭാഗം ഹൃദയാഘാതം തിങ്കളാഴ്ചകളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് ഗവേഷകർ കണ്ടെത്തിയത്. മാഞ്ചസ്റ്ററിൽ തിങ്കളാഴ്ച നടന്ന ബ്രിട്ടീഷ് കാർഡിയോവാസ്കുലർ സൊസൈറ്റിയുടെ കോൺഫറൻസിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇത്തരം കേസുകൾ തിങ്കളാഴ്ചകളിൽ വർധിച്ചതായി കണ്ടെത്തിയത് എന്നതിന് ഗവേഷകർക്ക് വ്യക്തമായ ഉത്തരം കണ്ടെത്താനായിട്ടില്ല. ശരീരത്തിന്റെ ഉറക്കത്തിന്റെയും ഉണരലിന്റെയും ഗതി ഇതിനു പിന്നിലെ കാരണമായേക്കാം എന്നും ഗവേഷകർ കരുതുന്നുണ്ട്.
എന്തുകൊണ്ടാണ് ഒരാഴ്ചയിലെ പ്രത്യേക ചിലദിവസങ്ങൾ ഹൃദയാഘാതങ്ങൾ കൂടുന്നു എന്നതിൽ വ്യക്തമായ പഠനം നടക്കേണ്ടതുണ്ട് എന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ഡയറക്ടറായ പ്രൊഫസർ നിലേഷ് സമാനി പറയുന്നു. കാരണം തിരിച്ചറിയുന്നതിലൂടെ ഡോക്ടർമാർക്ക് ചികിത്സ എളുപ്പമാവുകയും നിരവധി ജീവനുകൾ രക്ഷപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
2005ലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തിങ്കളാഴ്ചകളിൽ കൂടുന്നതായി പഠനം പുറത്തുവന്നിരുന്നു. വാരാന്ത്യങ്ങളിലുള്ള അമിതമദ്യപാനവും മറ്റുമാവാം ഇതിന് കാരണമാവുന്നത് എന്നാണ് ഗവേഷകർ പറഞ്ഞത്.
വരുന്ന ആഴ്ചയെക്കുറിച്ചുള്ള ആശങ്കയും ജോലിസംബന്ധമായ കാര്യങ്ങൾ ഓർത്തുള്ള സമ്മർദവും തിങ്കളാഴ്ചകളിലെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നു വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ഞായറാഴ്ചകളിൽ തൊട്ടടുത്ത ആഴ്ചയെക്കുറിച്ച് ആലോചിച്ച് അഡ്രിനാലിനും കോർട്ടിസോളുമൊക്കെ ശരീരത്തിൽ ഉയരുന്നത് രക്തസമ്മർദത്തിനും ഹൃദ്രോഗങ്ങൾക്കും കാരണമാകാം എന്നാണ് പഠനം പറയുന്നത്.
Content Highlights: Deadly heart attacks more likely to occur on Monday says study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..