Photo: Special Arrangements
കോട്ടയം: ഹൃദ്രോഗ നിയന്ത്രണം, പ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ (സി.എസ്.ഐ- കെ) ദ്വിദിന ശാസ്ത്രസമ്മേളനം കുമരകം ദി സൂരി റിസോര്‍ട്ടില്‍ നടന്നു. സി.എസ്.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.പ്രഭാ നിനി ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
'ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് കാത്തീറ്റര്‍ വഴിയുള്ള ചികിത്സകള്‍. ഇത് സംസ്ഥാനത്ത് സാര്‍വത്രികവും തുല്യമായും മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാവണം. അതിനുള്ള കര്‍മപദ്ധതി സമ്മേളനം പ്രത്യേകം ചര്‍ച്ചചെയ്യും,'- ഡോ.പ്രഭാ നിനി ഗുപ്ത പറഞ്ഞു.
'ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടം പുന:സ്ഥാപിക്കുന്ന ആന്‍ജിയോപ്ലാസ്റ്റി (പിസിഐ) സമയബന്ധിതവും നിര്‍ണായകവുമാണ്. അതിനായി കാത്ത് ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ള ആശുപത്രിയില്‍ രോഗി വേഗം എത്തേണ്ടത് പ്രധാനമാണ്. ഇത്തരം ആശുപത്രികള്‍ക്ക് പ്രദേശത്തെ പൊതുജനങ്ങളുമായി വ്യക്തിപരമായ ബന്ധം അനിവാര്യമാണ്. അടിയന്തിര ഹൃദ്രോഗ ചികിത്സയ്ക്ക് നല്ല ഏകോപിതസംവിധാനവും പ്രോട്ടോക്കോളും ആശുപത്രിക്കള്‍ക്കുണ്ടാവണം. വിവരസാങ്കേതിക വിദ്യ, എ.ഐ എന്നിവ ബന്ധപ്പെടുത്തിയ അടിയന്തര പ്രതികരണസംവിധാനങ്ങളും പ്രാദേശികമായി ആശുപത്രികളില്‍ നടപ്പിലാക്കാന്‍ സാധിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴി പ്രഥമശുശ്രൂഷ, സി.പി.ആര്‍. തുടങ്ങി പരിശീലനം നല്‍കാം.- ഡോ.പ്രഭാ നിനി ഗുപ്ത പറഞ്ഞു.
സംസ്ഥാനത്ത് 125-ലധികം കാത്ത് ലാബുകള്‍ ഉണ്ട്. അത് ദേശീയശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.ജിത്തു സാം രാജന്‍ പറഞ്ഞു.
കേരളത്തിലെ 70% ജനങ്ങള്‍ക്ക് അര മണിക്കൂറിനുള്ളിലും 22% പേര്‍ക്ക് ഒരു മണിക്കൂറിനുള്ളിലും ഹൃദ്രോഗചികിത്സാ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയുന്ന സാഹചര്യമുണ്ട്. ബാക്കിയുള്ള വിദൂര പ്രദേശങ്ങളിലേ എട്ട് ശതമാനം ജനങ്ങള്‍ക്കും സമയബന്ധിതമായ ചികിത്സ ഉറപ്പു വരുത്താനുള്ള ശ്രമം നടക്കുന്നു.
എയര്‍ കമഡോര്‍ ഡോ.ഡി.എസ്.ചദ്ദ മുഖ്യപ്രഭാഷണം നടത്തി. ഡോ.ശിവശങ്കരന്‍ എസ് , വൈസ് പ്രസിഡന്റ് ഡോ. ജയഗോപാല്‍ പി.ബി, സെക്രട്ടറി ഡോ. സ്റ്റിജി ജോസഫ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ദീപക് ഡേവിഡ്‌സണ്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.ജിത്തു സാം രാജന്‍, ട്രഷറര്‍ ഡോ.ജെയിംസ് തോമസ് എന്നിവര്‍ സംസാരിച്ചു.
സങ്കീര്‍ണ്ണമായ ഹൃദ്രോഗങ്ങള്‍ക്ക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയിലെ നൂതന ചികിത്സാ രീതികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു വെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഡോ.ജിത്തു സാം രാജന്‍ പറഞ്ഞു.
പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയിലെ മുന്നേറ്റങ്ങള്‍, ഘട്ടം ഘട്ടമായും പൂര്‍ണ്ണമായും രക്തയോട്ടം പുനസ്ഥാപിക്കുന്ന രീതികള്‍, ശ്വാസകോശത്തിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യല്‍ എന്നിവ ശാസ്ത്ര സെഷനുകള്‍ ചര്‍ച്ച ചെയ്തു.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുന്ന അവസ്ഥകളായ അക്യൂട്ട് കൊറോണറി സിന്‍ഡ്രോം (എ.സി.എസ്) കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെഷന്‍ നടന്നു. മൂന്നിലൊന്ന് ഹൃദ്രോഗ മരണങ്ങള്‍, പ്രത്യേകിച്ചും യുവജനങ്ങളില്‍ സംഭവിക്കുന്നത് എ.സി.എസ് കാരണമാണ്, ഡോ.ജിത്തു സാം രാജന്‍ പറഞ്ഞു.
ക്ലിനിക്കല്‍, പ്രിവന്റീവ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ക്കായി ഇരുപത്തിനാല് സിമ്പോസിയങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. ഹൃദയസ്തംഭനത്തിനുള്ള ചികിത്സ, കാല്‍സിഫൈഡ് ബ്ലോക്കുകള്‍ കൈകാര്യം ചെയ്യല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് നിയന്ത്രിക്കല്‍, ലിപിഡ് മാനേജ്‌മെന്റ്, ഇസിജി ഇന്ററാക്ടീവ് സെഷനുകള്‍, അനാരോഗ്യകരമായ ഭക്ഷണക്രമം, ഡയറ്റ് വിവാദങ്ങള്‍, രോഗപ്രതിരോധ ചര്‍ച്ചകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരും അധ്യാപകരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു
Content Highlights: csi kerala chapter says emergency treatment plan will be implemented for heart diseases


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..