മഡ്രിഡ്: 'കടന്നു വരൂ..കരയൂ..', സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡിലുള്ള ഒരു സ്ഥാപനത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത് ഈ വാക്കുകളാണ്. മുറിയുടെ മൂലയ്ക്കായി ഒരു ഫോണും വെച്ചിട്ടുണ്ട്. മനശാസ്ത്രവിദഗ്ധന്റെ  പേരും ഫോണ്‍ നമ്പറും ഈ ഫോണിനൊപ്പം വെച്ചിട്ടുണ്ട്. 

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളെ പടിക്കുപുറത്തുനിര്‍ത്തുന്നതിനുവേണ്ടിയാണ് സ്‌പെയിന്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. 

മാനസിക ആരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇത് വളരെ മികച്ചൊരു ആശയമാണ്. മറ്റ് രാജ്യങ്ങളിലെയെന്നപോലെ കരയുന്നത് സ്‌പെയിനിലും അപമാനം പോലെയാണ് കരുതുന്നത്-മഡ്രിഡില്‍ താമസിച്ച് പഠിക്കുന്ന സ്വീഡിഷ് വംശജനായ വിദ്യാര്‍ഥി ജോണ്‍ നെല്‍സോം പറഞ്ഞു.

മാനസികാരോഗ്യ പരിരക്ഷയ്ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതിയിലേക്ക് 116 മില്ല്യണ്‍ ഡോളര്‍ നീക്കി വെക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാന്‍ഷെസ് ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആത്മഹത്യ പ്രതിരോധ ഹെല്‍പ്‌ലൈന്‍ സേവനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാനസിക അനാരോഗ്യം പൊതുജനാരോഗ്യത്തെ ബാധിക്കുന്ന, നമ്മള്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2019-ല്‍ 3671 പേരാണ് സ്‌പെയിനില്‍ ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയായ പത്തുപേരില്‍ ഒരാള്‍ മാനസികമായ വെല്ലുവിളി നേരിടുന്നുണ്ടെന്നും ആകെ ജനസംഖ്യയുടെ 5.8 ശതമാനം പേര്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content highlights: crying room in spain seeks to banish mental health taboo