തിരുവനന്തപുരം: 45 വയസ്സിനുമുകളിലുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള കൂട്ടവാക്സിനേഷൻ നടപ്പാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് താഴ്ത്തിക്കൊണ്ടുവരുന്നതിനായി ‘ക്രഷിങ് ദ കർവ്’ എന്ന പേരിലുള്ള കർമപദ്ധതിയാണ് ലക്ഷ്യം.

രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മരുന്നുവിതരണം വേഗത്തിലാക്കുന്നത്. 11.48 ലക്ഷം പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 11 ശതമാനത്തോളം പേർ കോവിഡ് വന്നുപോയത് അറിഞ്ഞിട്ടില്ല. 95 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്കും വാക്സിനെടുത്തു. ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരിൽ 4,90,625 പേർ ആദ്യ ഡോസും 3,21,209 പേർ രണ്ടാം ഡോസും സ്വീകരിച്ചു. മുൻനിരപ്രതിരോധ പ്രവർത്തകരിൽ 1,13,191 പേരാണ് ആദ്യഡോസ് സ്വീകരിച്ചത്. 76,104 പേർ രണ്ടാംഡോസും കുത്തിവെച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 3,27,167 ഉദ്യോഗസ്ഥർക്ക്‌ ആദ്യ ഡോസും 20,336 പേർക്ക് രണ്ടാം ഡോസും നൽകി. 45-നുമേൽ പ്രായമുള്ള 29,66,007 പേർക്ക് ആദ്യ ഡോസ് നൽകി. 36,327 പേർ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേൽ പ്രായമായവരും 45-നുമേൽ പ്രായമായ മറ്റുരോഗമുള്ളവരും അടക്കമാണിത്.

Content Highlights: Crushing the Curve Action Plan Targeting Mass vaccination, Health, Covid19, Corona Virus