കോവിഡ് വ്യാപനം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഒമിക്രോണ്‍ വകഭേദമാണ് ലോകമെമ്പാടും ശക്തിപ്രാപിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കേണ്ടതിന്റെയും കൈകള്‍ ശുചിയാക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയുമൊക്കെ ആവശ്യകത കൂടുതല്‍ കൃത്യമായി പാലിക്കേണ്ടി വന്നിരിക്കുകയാണ്. ഈ സമയത്ത് ഏത് മാസ്‌ക് ആണ് ഒമിക്രോണിനെ ചെറുക്കാന്‍ ഫലപ്രദമെന്നാണ് പലരുടെയും സംശയം.

തുണി മാസ്‌ക്കുകള്‍ ഫലപ്രദമോ?

ഒരു ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 20 വ്യത്യസ്ത തരം തുണി മാസ്‌ക്കുകളെക്കുറിച്ച് പറയുന്നുണ്ട്. ഇവയിലെ നൂലിഴകള്‍ തമ്മിലുള്ള അകലം 80-500 മൈക്രോമീറ്ററാണ്. എന്നാല്‍ കൊറോണ വൈറസിന്റെ വലുപ്പം 0.12 മൈക്രോമീറ്ററും. ഇതിനര്‍ഥം, ശ്വസിക്കുന്നതു വഴി വായുവിലെ വളരെ ചെറിയ കണികകള്‍ ഈ പഴുതുകള്‍ വഴി മൂക്കിലും മുഖത്തും എത്തിച്ചേരുമെന്നാണ്. വലിയ കണികകളെ മാത്രമേ തുണിമാസ്‌ക് വഴി പ്രതിരോധിക്കാനാവൂ എന്നാണ് ഇത് അര്‍ഥമാക്കുന്നത്. തുണി മാസ്‌കിനെയും സര്‍ജിക്കല്‍ മാസ്‌കിനെയും അപേക്ഷിച്ച് ഹൈ ഫില്‍ട്രേഷന്‍ മാസ്‌കുകള്‍ ഒമിക്രോണിനെ ചെറുത്തേക്കുമെന്നാണ് സൂചനയെന്ന് വോക്ക്ഹാഡ് ഹോസ്പിറ്റലിലെ ഡോ. പ്രീതം മൂണ്‍ പറയുന്നു.

സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ തുണി മാസ്‌ക്കുകളേക്കാള്‍ നല്ലതാണെങ്കിലും അവയ്ക്കും ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കാനുള്ള കഴിവ് പോരെന്ന് ജലന്ധര്‍ എന്‍.എച്ച്.എസ്. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ശുഭാങ് അഗര്‍വാള്‍ വ്യക്തമാക്കി. എയറോസോളുകളെ തടയുന്നതില്‍ തുണിമാസ്‌ക്കുകള്‍ ഫലപ്രദമല്ല. അവയുടെ ഫലപ്രാപ്തി 50-60 ശതമാനം മാത്രമാണ്. ഒരു സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിന് മുകളില്‍ തുണി മാസ്‌ക് ധരിക്കുന്ന ഡബിള്‍ മാസ്‌കിങ് വഴി വായുവിലെ പൊടിയെയും കണങ്ങളെയും മറ്റും നീക്കം ചെയ്യാനുള്ള കഴിവ് 91 ശതമാനം ലഭിക്കും.

ഒരു തുണി മാസ്‌ക് മാത്രം ധരിച്ചാല്‍ വേണ്ടത്ര ഗുണം ലഭിക്കില്ല. തുണി മാസ്‌ക് നിര്‍ദേശിച്ചത് കോവിഡിന്റെ ആദ്യ തരംഗത്തില്‍ എന്‍ 95 മാസ്‌കിന് ക്ഷാമം വന്നപ്പോള്‍ ആയിരുന്നു. മൂന്നു പാളികളുള്ള സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിന് മുകളില്‍ തുണി മാസ്‌ക് ധരിക്കുന്നത് മികച്ച ഗുണം ചെയ്യും.

ഏറ്റവും മികച്ചത് എന്‍ 95 ആണെന്നാണ് വിദഗ്ധാഭിപ്രായം. എന്‍ 95 മാസ്‌കിന് എയറോസോളുകളെ ഫില്‍ട്ടര്‍ ചെയ്യാനുള്ള കഴിവ് 95 ശതമാനത്തോളമാണ്. NIOSH സര്‍ട്ടിഫിക്കേഷനോ അതിന് തുല്യമായ സര്‍ട്ടിഫിക്കേഷനോ ഉള്ള എന്‍ 95 മാസ്‌ക് ആണ് നല്ലത്. യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രോഷന്‍ പറയുന്നത് വായുവിലെ ചെറിയ കണങ്ങളെ പോലും വളരെ മികച്ച രീതിയില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ സഹായിക്കുന്നതും മുഖത്തിന് ശരിയായ രീതിയില്‍ സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നതുമാണ് എന്‍ 95 മാസ്‌ക് എന്നാണ്.

സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിനുമുകളില്‍ എന്‍ 95 മാസ്‌ക് ധരിക്കുന്നതും വളരെ മികച്ച സംരക്ഷണം നല്‍കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

  • മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് കൈകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
  • വായും മൂക്കും നന്നായി മൂടുന്ന തരത്തില്‍ വേണം മാസ്‌ക് ധരിക്കാന്‍. മുഖത്തിനും മാസ്‌കിനും ഇടയില്‍ അല്പം പോലും വിടവ് ഇല്ലാതെ ശ്രദ്ധിക്കണം.
  • ധരിച്ച ശേഷം മാസ്‌കില്‍ തൊടരുത്. ഇനി അങ്ങനെ ചെയ്താല്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി വൃത്തിയാക്കണം.
  • മാസ്‌കില്‍ നനവോ അഴുക്കോ പറ്റിയാല്‍ ഉടന്‍ അത് നീക്കി പുതിയ മാസ്‌ക് ധരിക്കണം.
  • ഒരു മാസ്‌ക് ഒറ്റത്തവണയെ ഉപയോഗിക്കാവൂ. അവ പുനരുപയോഗിക്കരുത്.

ഇരട്ട മാസ്‌കുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. രണ്ട് മാസ്‌കുകളും മൂക്ക് മറയ്ക്കുന്ന തരത്തിലായിരിക്കണം. ഉപയോഗിച്ച ശേഷം മാസ്‌ക് കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണം. സര്‍ജിക്കല്‍ മാസ്‌കുകളും ഒറ്റത്തവണയെ ഉപയോഗിക്കാവൂ. മാസ്‌ക് ഊരുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാസ്‌കിന്റെ മുന്‍വശത്ത് തൊടരുത്. മാസ്‌കിന്റെ ചെവിയില്‍ കൊളുത്തിയിരിക്കുന്ന ചരടുകളിലൂടെയാണ് ഊരിയെടുക്കേണ്ടത്. തുടര്‍ന്ന് ഇവ മാസ്‌ക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ബിന്നിലിട്ട് അടയ്ക്കണം. തുടര്‍ന്ന് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ നന്നായി വൃത്തിയാക്കണം.

Content Highlights: Covid19, Which masks are most effective against Omicron