ന്യൂഡല്‍ഹി: കോവിഡിന് പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു വരുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വ്യോമയാന മന്ത്രാലയവുമായി ചേര്‍ന്ന് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലാവും.

ഇന്ത്യയിലേക്കു വരുന്ന യാത്രക്കാര്‍ക്ക് പൊതുവേയും യു.കെ., യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേകവും നിര്‍ദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് യാത്രപുറപ്പെടുകയോ അതുവഴി കടന്നുവരുകയോ ചെയ്തവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്വന്തം ചെലവില്‍ കണ്‍ഫര്‍മേറ്ററി മോളിക്യുലര്‍ ടെസ്റ്റിന് വിധേയരാകണം. കോവിഡിന് യു.കെ., ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

പൊതുനിര്‍ദേശങ്ങള്‍

  • എല്ലാ യാത്രക്കാരും യാത്രയ്ക്കുമുമ്പ് എയര്‍സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം (എസ്.ഡി.എഫ്.) പൂരിപ്പിക്കണം. 72 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. അടുത്ത 14 ദിവസം ഹോം ക്വാറന്റീനോ സ്വയം നിരീക്ഷണമോ പാലിക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കണം.
  • കുടുംബത്തില്‍ മരണമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും നെഗറ്റീവ് റിപ്പോര്‍ട്ടില്‍ ഇളവ്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂറിനുമുമ്പ് സുവിധാ പോര്‍ട്ടലില്‍ ഈ ഇളവിനായി അപേക്ഷിക്കണം.
  • രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കൂ. ആരോഗ്യ സേതു ആപ് നിര്‍ബന്ധം.
  • കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് (ആര്‍.ടി-പി.സി.ആര്‍.) സുവിധാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തവര്‍ക്ക് എത്തിച്ചേരുന്ന വിമാനത്താവളത്തില്‍നിന്ന് ഉടന്‍ വീടുകളിലേക്ക് പോകാവുന്നതാണ്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.
  • കപ്പല്‍മാര്‍ഗം വരുന്നവര്‍ക്കും ഈ നിബന്ധനകളെല്ലാം ബാധകമായിരിക്കും.
  • യു.കെ., യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക്
  • കഴിഞ്ഞ 14 ദിവസങ്ങളില്‍ നടത്തിയ യാത്രയുടെ വിവരങ്ങളും പ്രഖ്യാപിക്കണം.
  • എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ യാത്ര അവസാനിപ്പിക്കുമോ അതോ ഇന്ത്യയില്‍ തന്നെയുള്ള തന്റെ ലക്ഷ്യത്തിലെത്താന്‍ ട്രാന്‍സിറ്റ് ചെയ്യുമോ എന്ന് സെല്‍ഫ് ഡിക്ലറേഷന്‍ ഫോറത്തില്‍ (എസ്.ഡി.എഫ്.) വ്യക്തമാക്കണം.

Content Highlights: Covid19 variant New guidelines for those coming from abroad, Health, Covid19, Corona Virus