കൊച്ചി: വാക്‌സിൻ ക്ഷാമത്തോടൊപ്പം സ്പോട്ട് രജിസ്‌ട്രേഷൻ അവസാനിപ്പിച്ചതും ജനങ്ങളെ വലയ്ക്കുന്നു. രണ്ടാം ഡോസ് വാക്‌സിൻ എടുക്കണമെങ്കിൽ വീണ്ടും കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തുടർന്ന് ആശുപത്രികളും സ്പോട്ട് രജിസ്‌ട്രേഷൻ അവസാനിപ്പിച്ചുവെന്നു കാണിച്ച് ബോർഡ് വെച്ചു. ഇതോടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനറിയാത്തവർ കഷ്ടത്തിലായി.

വാക്‌സിൻ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിർദേശം വന്നതെങ്കിലും രജിസ്റ്റർ ചെയ്യാതെ ഇനിയെങ്ങനെ വാക്‌സിൻ എടുക്കുമെന്ന ആലോചനയിലാണ് രണ്ടാം ഡോസിനായി കാത്തിരിക്കുന്ന മുതിർന്ന പൗരന്മാർ. ഇതിനു പുറമെയാണ്‌ സാങ്കേതിക തകരാറുകളുമായി കോവിൻ വെബ്‌സൈറ്റും ജനങ്ങളെ വലച്ചത്. ഫോൺനമ്പർ കൊടുത്ത് ഒ.ടി.പി. ക്കായി മണിക്കൂറുകളോളം കാത്തിരിപ്പ്. ഒ.ടി.പി. വരാതെ സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കില്ല.

ഒ.ടി.പി. ലഭിച്ച്‌ സൈറ്റിൽ കയറിയാൽ വീണ്ടും ഷെഡ്യൂൾ ചെയ്യാനുള്ള ബട്ടൻ തിരഞ്ഞെടുക്കാൻ സാധിക്കാത്ത സ്ഥിതി. അടുത്ത ഷെഡ്യൂളിനായി രണ്ട് മാസത്തോളം കാത്തിരിക്കണമെന്ന സന്ദേശം കണ്ടവരുമുണ്ട്. ഇതോടെയാണ്‌ പുതിയത് ഷെഡ്യൂൾ ചെയ്യേണ്ടതില്ല വീണ്ടും അക്കൗണ്ടിൽ രജിസ്റ്റർ ചെയ്താൽ മതിയെന്ന് ആരോഗ്യ വിഭാഗം നിർദേശം നൽകിയത്. ഒരു ഫോൺ നമ്പറിൽനിന്ന് അഞ്ചുപേർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ആദ്യ ഡോസിനായി കുറഞ്ഞത് മൂന്നുപേർക്കു രജിസ്റ്റർ ചെയ്തവർക്ക് വീണ്ടും ഇതേ ആളുകൾക്കായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. മറ്റൊരു നമ്പറിൽനിന്ന് രജിസ്റ്റർ ചെയ്താൽ വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റുകളിൽ മാറ്റം വരുമോ എന്ന സംശയവും ജനങ്ങൾ പങ്കുെവച്ചു. കോവിൻ സൈറ്റിലെ സാങ്കേതിക തകരാറുകളും സൈറ്റ് ജാമായതും ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

ഓഫ്‌ലൈൻ രജിസ്‌ട്രേഷന്‌ ശ്രമിക്കും

രണ്ടാമത് രജിസ്റ്റർ ചെയ്ത് എത്തുകയെന്നതിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്. അടുത്താഴ്ച മുതൽ ഓഫ്‌ലൈൻ രജിസ്‌ട്രേഷനു ശ്രമിക്കും. രണ്ടാം ഡോസ് വേണ്ടവർ തങ്ങളുടെ അടുത്തുള്ള ആശ പ്രവർത്തകരെയോ വാർഡ് മെമ്പർ, കൗൺസിലർ, അക്ഷയ കേന്ദ്രം എന്നിവരെയോ സമീപിച്ച്‌ പേരും വിവരങ്ങളും നൽകിയാൽ മതിയാകും. തുടർന്ന് കുത്തിവെപ്പ്‌ എടുക്കേണ്ട ദിവസം മുൻകൂട്ടി അറിയിക്കുകയും വാക്‌സിൻ എടുക്കേണ്ട സമയത്തേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ഇവർ ചെയ്യുകയും ചെയ്യും. ടോക്കൺ നൽകുന്ന രീതി അവസാനിപ്പിക്കും. ഇതിലൂടെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- ഡോ. എം.ജി. ശിവദാസ്,
വാക്‌സിൻ നോഡൽ ഓഫീസർ

Content Highlights: Covid19 Vaccine registration issues, Covid19, Health, Covid Vaccine