ന്യൂഡല്‍ഹി: രണ്ടുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക. തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ് വരെയുള്ളവര്‍ക്ക് നല്‍കും. അതിനുശേഷം മാത്രമാകും രോഗസാധ്യത കുറവുള്ള രണ്ടുമുതല്‍ നാലു വയസ്സുകാര്‍ക്ക് നല്‍കുക. ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ വിതരണം നടപ്പാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാല്‍, പലവിധ രോഗങ്ങളുള്ള കുട്ടികള്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്കും പ്രായപരിധിയില്ലാതെ വാക്‌സിന്‍ നല്‍കും.

കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നല്‍കാനുള്ള ശുപാര്‍ശ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയുടെ വിദഗ്ധ പരിശോധനയിലാണ്. വാക്‌സിന്റെ ലഭ്യതയും കുട്ടികളുടെ വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന ഘടകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ തീരുമാനമെടുത്താല്‍ രാജ്യത്ത് വാക്‌സിനായുള്ള ആവശ്യം കുത്തനെ വര്‍ധിക്കും. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് വാക്‌സിന്‍ ലഭ്യത ഉറപ്പിച്ചില്ലെങ്കില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ക്ഷാമമുണ്ടാകും. ഇതൊഴിവാക്കാനാണ് ഘട്ടംഘട്ടമായി വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയിടുന്നത്.

വാക്‌സിന്‍ അനുമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായും ആരോഗ്യമന്ത്രാലയവുമായും ഡി.സി.ജി.ഐ. ചര്‍ച്ച നടത്തും. പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനും സമാനമായ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു.

Content Highlights: Covid19 Vaccine for children will be implemented in many stages, Health, Covid19 Vaccination