ന്യൂഡൽഹി: രണ്ടു കോവിഡ് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയ സാഹചര്യത്തിൽ ഇവ സംഭരിക്കാൻ സർക്കാർ നടപടികളാരംഭിച്ചു. അടുത്തയാഴ്ച മുതൽ വാക്സിൻ വിതരണം ഘട്ടംഘട്ടമായി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ നടപടികൾ ആരംഭിക്കാൻ ഇന്ത്യ തയ്യാറായിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഓക്സ്‌ഫഡ് സർവകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ്, ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ എന്നിവയ്ക്കാണ് ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറൽ അടുത്തിടെ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരിക്കുന്നത്.

വാക്സിനുകൾ സംഭരിക്കാൻ കമ്പനികളുമായി ഇടപാടുറപ്പിക്കാനാണ് സർക്കാർ നീങ്ങുന്നത്. ആദ്യഘട്ടത്തിൽ മൂന്നു കോടിപ്പേർക്ക് വാക്സിൻ നൽകാൻ ഉദ്ദേശിക്കുന്നതിനാൽ ആറു കോടിയോളം ഡോസുകൾ സംഭരിക്കും.

ആദ്യത്തെ പത്തു കോടി ഡോസിന് 200 രൂപ വീതം പ്രത്യേക വില നിശ്ചയിച്ചാണ് നൽകുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനാവാല വ്യക്തമാക്കിയിരുന്നു. ആദ്യ ബാച്ച് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുതന്നെയാകും സർക്കാർ സംഭരിക്കുക. അതിനുശേഷം രാജ്യവ്യാപകമായി 31 കേന്ദ്രങ്ങളിലെത്തിക്കും. കോവാക്സിന് പരീക്ഷണാടിസ്ഥാനത്തിലുള്ള അനുമതിയാണ് നൽകിയത് എന്നതിനാൽ കോവിഷീൽഡിൽ തന്നെയാകും വാക്സിനേഷൻ ആരംഭിക്കുകയെന്ന് എയിംസ് മേധാവി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

'വെള്ളം' വിവാദം: സംയുക്ത വാഗ്ദാനവുമായി സിറവും ഭാരത് ബയോടെക്കും

മറ്റുചില കോവിഡ് വാക്സിനുകൾ 'വെള്ളം പോലെ'യെന്ന് കളിയാക്കിയതിനു പിന്നാലെ, ഭാരത് ബയോടെക്കുമായി ചേർന്ന് സംയുക്ത പ്രസ്താവനയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും ഇന്ത്യയിലും ലോകത്തും വാക്സിൻ വിതരണത്തിന് സന്നദ്ധമാണെന്നും ഇരുകമ്പനികളുടെയും തലവന്മാർ വാഗ്ദാനം നൽകി.

ഫൈസർ, മൊഡേണ, ഓക്സ്‌ഫഡ്ആസ്ട്രാസെനെക്ക എന്നിവയുടേത് ഒഴികെയുള്ള കോവിഡ് വാക്സിനുകളെല്ലാം വെള്ളം പോലെയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനാവാല കഴിഞ്ഞദിവസം പറഞ്ഞത് വിവാദമായിരുന്നു. ഓക്സ്‌ഫഡ്ആസ്ട്രാസെനെക്കയുമായി ചേർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന വാക്സിനുണ്ടാക്കുന്നത്. പൂനാവാലയുടെ പ്രസ്താവനയ്ക്കെതിരേ കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്റെ മേധാവി കൃഷ്ണ ഇല്ല രംഗത്തെത്തുകയും ചെയ്തു. 200 ശതമാനം സത്യസന്ധമായ ക്ലിനിക്കൽ പരീക്ഷണങ്ങളാണ് തങ്ങൾ നടത്തിയതെന്നും അതിൽ തെറ്റുണ്ടെങ്കിൽ പറയാനും കൃഷ്ണ ഇല്ല ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ വാക്സിനെ ചില കമ്പനികൾ വെള്ളത്തോടാണ് ഉപമിച്ചതെന്നും പൂനാവാലയുടെ പേരു പറയാതെ അദ്ദേഹം ആരോപിച്ചു.

ഇതിനുപിന്നാലെയാണ് ഇരുകമ്പനിയും സംയുക്ത പ്രസ്താവനയുമായി ചൊവ്വാഴ്ച എത്തിയത്. വാക്സിനേഷൻ നടപടികൾ സുഗമമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും അറിയിച്ചു.

Content Highlights:Covid19 Vaccination will starts on next week, Health, Covid19, Corona Virus, Covid Vaccine