
Photo: ANI
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും പൊതുവിപണിയില്‍ ലഭ്യമായാലും സര്‍ക്കാരിന്റെ വാക്സിനേഷന് പരിപാടി തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 2019-ലെ ന്യൂ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ് പ്രകാരമാണ് ഡി.സി.ജി.ഐ. കമ്പോള അനുമതി നല്‍കിയതെന്നും അതിനാല്‍ ഇതോടൊപ്പം സര്‍ക്കാരിന്റെ വാക്സിനേഷന് തുടരുമെമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ നിബന്ധനകളോടെയാണ് വാക്സിനുകള്‍ക്ക് പൊതുവിപണിയില്‍ അനുമതി നല്‍കിയത്. മെഡിക്കല്‍ സ്റ്റോറുകളില്‍ വാക്സിന് ലഭിക്കില്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് രജിസ്ട്രി, നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന് ലബോറട്ടറീസ്(എന്‍.എ.ബി.എല്‍) എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത ആശുപത്രികള്‍ക്കും ക്ലിനിക്കുകള്ക്കുമായിരിക്കും വാക്സിന് ലഭിക്കുക. വാക്സിനേഷന്റെ വിവരങ്ങള്‍ ആറുമാസം കൂടുമ്പോള്‍ ഡി.സി.ജി.ഐ.യെ അറിയിക്കണം. ഇത് കോവിന്‍ ആപ്പിലും രേഖപ്പെടുത്തണം. വാക്സിന് ആവശ്യമുള്ളവര്‍ കോവിന്‍ പ്ലാറ്റ്ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും തുടരും. ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ കമ്പനികള്‍ ഡി.സി.ജി.ഐ.യെ അറിയിക്കണം.
കോവിഡുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ വിദഗ്ധസമിതി ഈ മാസം 19-ന് നല്കിയ ശുപാര്‍ശയനുസരിച്ചാണ് ഡി.സി.ജി.ഐ. വിപണി അനുമതി നല്‍കിയത്.
Content Highlights: Covid19 vaccination continue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..