മുംബൈ: കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗികളെ കിടത്താൻ ചികിത്സാകേന്ദ്രങ്ങളിൽ ഇടമില്ലാതായതോടെ റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകൾ വീണ്ടും ഉപയോഗിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലാണ് റെയിൽവേ കോച്ചുകൾ രോഗികൾക്കായി ഉപയോഗിക്കുന്നത്.

റെയിൽവേ 94 കോച്ചുകൾ നന്ദൂർബാറിലേക്ക് അയച്ചു. ഒരു കോച്ചിൽ ആറ് രോഗികളെയാണ് ചികിത്സിക്കുന്നത്. 16 പേർക്ക് വരെ കിടക്കാവുന്നതാണ് ഒരു കോച്ച്. കോവിഡ് രോഗികളെ ചികിത്സിയ്ക്കാനായി റെയിൽവേ 4000 കോച്ചുകളാണ് തയാറാക്കിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ രോഗികളെ കിടത്താൻ റെയിൽവേ കോച്ച് ഉപയോഗിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൽ മഹാരാഷ്ട്ര മാത്രമാണ് ഇപ്പോൾ കോച്ചുകൾ ആവശ്യപ്പെട്ടത്. ചെറിയ രോഗലക്ഷണങ്ങളോടുകൂടിയ രോഗികളെ മാത്രം ഈ കോച്ചുകളിലേക്ക് അയയ്ക്കും.

rail
മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ സജ്ജമാക്കിയ റെയിൽവേയുടെ കോവിഡ് ഐസൊലേഷൻ കോച്ചുകൾ

ഇത്തരത്തിലുള്ളവർക്ക്‌ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഇടമില്ലാതായതോടെയാണ് പുതിയ സംവിധാനം നന്ദൂർബാർ ജില്ലാ അധികാരികൾ ഉപയോഗപ്പെടുത്തുന്നത്.

പശ്ചിമറെയിൽവേ 410, മധ്യ റെയിൽവേ 482 കോച്ചുകളുമാണ് ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകളാക്കി രൂപപ്പെടുത്തിയത്. ഇതിനായി ചെലവായത് ഏകദേശം ആറുകോടി രൂപയാണ്. കൂടുതൽ തീവണ്ടികൾ സർവീസ് നടത്താൻ തുടങ്ങിയതോടെ കുറേ കോച്ചുകൾ വീണ്ടും പഴയ രീതിയിലേക്ക് മാറ്റി.

Content Highlights: Covid19 treatment started using railway coaches for patients, Health, Covid19