ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പുനല്‍കി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. രോഗവ്യാപനം തടയാനും ജീവന്‍ സംരക്ഷിക്കാനുംവേണ്ട മുന്‍കരുതല്‍ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐ.സി.യുകളും സജ്ജമാക്കണം.

ആര്‍.ടി.-പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണം. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച് കൂടുതല്‍ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ നേരത്തേ ചെയ്തതുപോലെ വീടുകളില്‍ നിരീക്ഷിക്കുന്നതിനുപകരം സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റണം. പോസിറ്റീവ് ആകുന്നവര്‍ വീടുകളില്‍തന്നെ കഴിയുന്നുണ്ടോ പുറത്തുപോകുന്നുണ്ടോ എന്നൊന്നും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തു ജില്ലകളിലാണ് രോഗികള്‍ കൂടുതലുള്ളത് പുണെ (59,475), മുംബൈ (46,248), നാഗ്പുര്‍ (45,322), താനെ (35,264), നാസിക് (26,553), ഔറംഗാബാദ് (21,282), ബെംഗളൂരു അര്‍ബണ്‍ (16,259), നാംദേഡ് (15,171), ഡല്‍ഹി (8,032), അഹമ്മദ് നഗര്‍ (7,952) എന്നിവയാണിത്. ഡല്‍ഹിയെ ഒരു ജില്ലയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

56,211 പേര്‍ക്ക് പുതുതായി രോഗം

ചൊവ്വാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതിന്റെ 78.56 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.

വകഭേദങ്ങള്‍ക്കെതിരേ കോവിഷീല്‍ഡും കോവാക്‌സിനും ഫലപ്രദം

കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീലിയന്‍ വകഭേദങ്ങള്‍ക്കെതിരേ കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചില ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരേയും വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് മനസ്സിലായതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

Content Highlights: Covid19 The situation is very bad warning by centre government, Health