കോവിഡ്- 19 പരിശോധനയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ 'സഞ്ചരിക്കുന്ന ലബോറട്ടറി' പുറത്തിറക്കി. രാജ്യത്തിന്റെ പ്രതിരോധഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യാണ് ഇത് വികസിപ്പിച്ചത്.

ഹൈദരാബാദ് ഇ.എസ്.ഐ. ആശുപത്രിയുടെ സഹകരണത്തോടെ നിര്‍മിച്ച മൊബൈല്‍ വൈറോളജി റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് ലബോറട്ടറിയുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

15 ദിവസംകൊണ്ടാണ് ലബോറട്ടറി നിര്‍മിച്ചത്. സാധാരണനിലയില്‍ നിര്‍മാണത്തിന് ആറുമാസമെടുക്കും. അടിയന്തരാവശ്യം കണക്കിലെടുത്താണ് ശാസ്ത്രജ്ഞര്‍ മുഴുവന്‍സമയം പ്രയത്‌നിച്ച് ലബോറട്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറസ് പരിശോധനയോടൊപ്പം വൈറോളജി ഗവേഷണത്തിനും ഇത് സഹായമാകും. ഒരുദിവസം 1000 സാംപിളുകള്‍ പരിശോധിക്കാന്‍ കഴിയും.

ലോകാരോഗ്യസംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെയും (ഐ.സി.എം.ആര്‍.) ജൈവസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് 'സഞ്ചരിക്കുന്ന ലാബ്' സജ്ജമാക്കിയത്.

Content Highlights: Covid19 testing Mobile Laboratory by DRDO, Health