Photo: ANI
തിരുവനന്തപുരം: കോവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റംമൂലം ആശുപത്രികള്‍ രോഗപ്പകര്ച്ചാകേന്ദ്രങ്ങളായി മാറുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍.
പത്തുദിവസത്തിനിടെ മൂവായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിനം ഇരുനൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളാവുന്നുണ്ട്. ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ലക്ഷണങ്ങളില്ലെങ്കില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തേണ്ടെന്നാണ് പുതിയ മാര്‍ഗരേഖ. ലക്ഷണങ്ങളില്ലെങ്കില്‍ പ്രസവശസ്ത്രക്രിയയ്ക്കടക്കം മുന്‍കൂര്‍ പരിശോധന ആവശ്യമില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അത്യാവശ്യ ചികിത്സകള്‍ പരിശോധനകളുടെ പേരില്‍ വൈകിപ്പിക്കരുതെന്നും പരിശോധനാസൗകര്യമില്ലെന്ന പേരില്‍ രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് റഫര്‍ ചെയ്യരുതെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
രോഗവാഹകരാണെന്ന് അറിയാതെ ശസ്ത്രക്രിയയ്ക്കും മറ്റും ശേഷം രോഗികളെ വാര്‍ഡില്‍ കിടത്തുന്നത് മറ്റുള്ളവരിലേക്കും രോഗം പകരാന്‍ കാരണമാകുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഓപ്പറേഷന് തിയേറ്ററും മറ്റും അണുനശീകരണം നടത്താതെ തൊട്ടടുത്ത ശസ്ത്രക്രിയ ഉടന്‍ നടത്തുന്നതും രോഗം പകരാന്‍ കാരണമാകുന്നുണ്ട്.
കോവിഡ് സ്ഥിരീകരിച്ചയാളെ ശസ്ത്രക്രിയ നടത്തിയാല്‍ ഓപ്പറേഷന് തിയേറ്റര്‍ അണുവിമുക്തമാക്കി മൂന്നുമണിക്കൂര്‍വരെ പിന്നിട്ടശേഷമാണ് അടുത്ത ശസ്ത്രക്രിയ നടത്തേണ്ടത്. പുതിയ നിര്‍ദേശമനുസരിച്ച് ഇത്തരം സുരക്ഷാമാര്ഗനിര്ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Covid19 testing guidelines changed and hospitals are in threat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..