കണ്ണൂര്‍: വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താവുന്ന 'റാപ്പിഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റ്' ഓണ്‍ലൈനായി വാങ്ങി രോഗനിര്‍ണയം നടത്തുന്നവരുടെ എണ്ണം കൂടുന്നു. എന്നാല്‍, കിറ്റ് വാങ്ങുന്നവര്‍ക്ക് ശരിയാംവിധം ഉപയോഗിക്കാനറിയാത്തത് വെല്ലുവിളിയായി. കിറ്റിന് ഒപ്പമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റ് കാര്‍ഡ് സ്‌കാന്‍ ചെയ്യാത്തതിനാല്‍ കോവിഡ് ഫലം ഔദ്യോഗികമായി ആരും അറിയുന്നുമില്ല.

സ്‌കാന്‍ ചെയ്താല്‍ ഡാറ്റ ഐ.സി.എം.ആര്‍. വെബ്‌സൈറ്റില്‍ എത്തും. എന്നാല്‍, സ്വയംപരിശോധനാ കിറ്റിലൂടെ ഐ.സി.എം.ആറിന് കിട്ടുന്ന ഫലം സംസ്ഥാന സൈറ്റിലേക്ക് തരില്ല. പോസിറ്റീവ് ആയവരുടെ വിവരം അതിനാല്‍ ആരോഗ്യവകുപ്പ് അറിയില്ല. പോസിറ്റീവ് ആയവര്‍ രോഗം പറയാത്തതും ക്വാറന്റീനില്‍ നില്‍ക്കാത്തും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.

രാജ്യത്ത് സ്വയംപരിശോധനാ കിറ്റ് ഇറക്കാന്‍ മൂന്ന് ലാബുകള്‍ക്കാണ് ഐ.സി.എം.ആര്‍. അംഗീകാരമുള്ളത്. ഓണ്‍ലൈന്‍ വിപണിയില്‍ റാപ്പിഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വില. കിറ്റില്‍ എക്‌സ്ട്രാക്ഷന്‍ ട്യൂബ്, നേസല്‍ സ്വാബ്, ടെസ്റ്റ് കാര്‍ഡ് എന്നിവയുണ്ടാകും. 'കോവിസെല്‍ഫ്' ആണ് വാങ്ങുന്നതെങ്കില്‍ ഫോണില്‍ മൈലാബ് ആപ്പ് തുറക്കണം. മൂക്കില്‍നിന്ന് സ്വാബ് എടുത്ത് അത് കിറ്റിലുള്ള ലായനിയില്‍ കലര്‍ത്തി കാര്‍ഡില്‍ ഒഴിച്ചാണ് ടെസ്റ്റ് നടത്തുക. ടെസ്റ്റ് കാര്‍ഡില്‍ രണ്ട് ഭാഗങ്ങള്‍ ഉണ്ട്.

നിയന്ത്രണഭാഗവും ടെസ്റ്റ് ഭാഗവും. നിയന്ത്രണഭാഗത്തില്‍ മാത്രം വര തെളിഞ്ഞാല്‍ നെഗറ്റീവ് ആണ്. നിയന്ത്രണ, ടെസ്റ്റ് ഭാഗങ്ങളില്‍ വര തെളിഞ്ഞാല്‍ കോവിഡ് പോസിറ്റീവ് ആണ്. പരിശോധന പൂര്‍ത്തിയാക്കിയശേഷം ടെസ്റ്റ് കാര്‍ഡിന്റെ ഫോട്ടോ സ്‌കാന്‍ ചെയ്ത് മൈലാബിലോ കോവിസെല്‍ഫ് ആപ്പിലോ വിവരം നല്‍കണം. ഇത് ചെയ്യാത്തതാണ് പ്രശ്‌നമാകുന്നത്. നിലവില്‍ സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെ എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍നിന്നുമുള്ള കോവിഡ് ഫലം സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ഉണ്ട്. അതുവഴി ഐ.സി.എം.ആര്‍ പോര്‍ട്ടലിലേക്കും എത്തും. എന്നാല്‍, സെല്‍ഫ് ടെസ്റ്റ് കിറ്റിലൂടെ ഐ.സി.എം.ആറിന് കിട്ടുന്ന കോവിഡ് ഫലം സംസ്ഥാന സൈറ്റിലേക്ക് തരില്ല. ഈ ഡാറ്റ കിട്ടാത്തത് വലിയ പ്രശ്‌നമാണ്.

Content Highlights: Covid19 self test Kit online causes issues, Health, Covid19