Representative Image| Photo: GettyImages
കോഴിക്കോട്: അഞ്ചുമാസത്തിനിടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ നടന്നത് 231 പ്രസവങ്ങൾ. ജനുവരിമുതൽ മേയ് 12 വരെയുള്ള കണക്കാണിത്. 137 സിസേറിയനും 94 സാധാരണപ്രസവങ്ങളുമാണ് നടന്നത്. 561 പോസിറ്റീവ് കേസുകളിൽ 370 പേർ ഗൈനക്കോളജി വിഭാഗത്തിലും 186 പീഡിയാട്രിക് വിഭാഗത്തിലും ചികിത്സതേടി.
കോവിഡ് ബാധിച്ച ഗർഭിണിയുടെ സിസേറിയൻ വെല്ലുവിളിയാണെന്ന് മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പറഞ്ഞു. കോവിഡ് വാർഡിൽ ദിവസം നടക്കുന്ന ഏഴുമുതൽ പത്തുവരെ പ്രസവങ്ങളിൽ കൂടുതലും സിസേറിയനാണ്. കോവിഡ് കാലത്ത് അമ്മയുടെയും കുട്ടിയുടെയും ചികിത്സ പരമാവധി കരുതലോടെയും ജാഗ്രതയോടെയുമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
90 ശതമാനം നവജാതശിശുക്കളും നെഗറ്റീവ്
90 ശതമാനം നവജാതശിശുക്കളും കോവിഡ് നെഗറ്റീവായാണ് കാണുന്നതെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. ഇവരെ പരിചരിക്കുന്നവർ സാനിറ്റൈസറും മാസ്കും ഉപയോഗിക്കുന്നു. പോസിറ്റീവായ നവജാതശിശുക്കൾക്ക് അപകടസാധ്യത കൂടുതലുണ്ട്. അവർക്കായി വെന്റിലേറ്റർ, ഓക്സിജൻവിതരണം, ഐ.സി.യു. എന്നിവ മാതൃശിശുകേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
പ്രസവശേഷം ഒരു രോഗിയെപ്പോലും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ല. അണ്ഡാശയകാൻസർ ബാധിച്ച ഒരു സ്ത്രീയും ടെറ്റനസ് ബാധിച്ച ഒരു കുട്ടിയുമാണ് അഞ്ചുമാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. അതുപോലെ പ്രസവശേഷം കോവിഡ് പോസിറ്റീവായ 26 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കോവിഡ് വാർഡിൽ ഇതുവരെ ഒരു ആരോഗ്യപ്രവർത്തകർക്കുപോലും രോഗബാധ ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
പി.പി.ഇ. കിറ്റിനുള്ളിലൂടെ മങ്ങിയ കാഴ്ച
പി.പി.ഇ. കിറ്റിനുള്ളിലൂടെ മങ്ങിയ കാഴ്ചയിലാണ് സിസേറിയൻ നടത്തേണ്ടത്. ഏതെങ്കിലും കാരണവശാൽ ശസ്ത്രക്രിയാസമയത്ത് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പകരക്കാരനെ തയ്യാറാക്കി നിർത്തേണ്ടിവരുന്നു. ഐസോലേഷൻ വാർഡിലെ ശസ്ത്രക്രിയ ആയതുകൊണ്ട് അനുബന്ധിച്ചുള്ള ആവശ്യങ്ങൾക്കായി കൂടുതൽ സഹായികൾ വേണ്ടിവരുന്നു.
ബി കാറ്റഗറിയിലുള്ള കോവിഡ് പോസിറ്റീവായ ഗർഭിണികൾക്ക് കോവിഡ് ഇതര രോഗിയേക്കാൾ അപകടസാധ്യത കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞസമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ കോവിഡ് ബാധയുള്ള ഗർഭിണികൾ അതിവേഗം സി കാറ്റഗറിയിലേക്ക് മാറി അതിഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുണ്ട്. അപകടസൂചനയുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം ശ്രദ്ധിക്കുന്നു. രോഗിയുടെ ഓക്സിജൻനില ഇടയ്ക്കിടെ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കുന്നു.
Content Highlights: Covid19 patient's caesarean 231 deliveries in Kozhikode medical college Covid Ward in five months


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..