തിരുവനന്തപുരം: കോംഗോയിൽനിന്നു വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർക്ക് സ്വയംനിരീക്ഷണ വ്യവസ്ഥകൾ കർശനമാക്കാൻ തീരുമാനം.

വിദേശത്തുനിന്നെത്തുന്നവർ സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തിയേറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. എറണാകുളത്ത് ബുധനാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചയാൾ ഷോപ്പിങ് മാളിലും റെസ്റ്റോറന്റുകളിലും ഉൾപ്പെടെ പോയിരുന്നു. അതിനാൽ സമ്പർക്കപ്പട്ടിക താരതമ്യേന വലുതാണ്. ഇത് തയ്യാറാക്കിവരികയാണ്.

രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്കപ്പട്ടികയിലുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായ സാഹചര്യത്തിൽ ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്നും നാളെയും വാക്സിനേഷൻ യജ്ഞം

വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്സിനെടുക്കാത്തവർ ഉടൻ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രണ്ടാംഡോസ് എടുക്കാൻ സമയംകഴിഞ്ഞവരും എത്രയുംവേഗം സ്വീകരിക്കണം.

സ്വയംനിരീക്ഷണമെങ്ങനെ

കേന്ദ്ര മാർഗനിർദേശപ്രകാരം റിസ്‌ക് രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഏഴുദിവസം ക്വാറന്റീനും ഏഴുദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് 14 ദിവസം സ്വയംനിരീക്ഷണം വേണം. സ്വയംനിരീക്ഷണത്തിലുള്ളവർ വീടുകളിലും പുറത്തുപോകുമ്പോഴും എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ഉപയോഗിക്കണം. സാമൂഹികഇടപെടലുകൾ ഒഴിവാക്കണം. ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തിയേറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കരുത്‌. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

Content Highlights: Covid19 omicron: strict self quarantine conditions will be imposed