ജനീവ: ഇനിയും മാരകമായ വകഭേദങ്ങളുണ്ടാകുന്നതിനുമുന്പ് കോവിഡിന് അവസാനം കാണണമെന്നതിനുള്ള മുന്നറിയിപ്പാണ് ഡെൽറ്റ വകഭേദമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). വാക്സിൻ സ്വീകരിക്കുന്നതാണ് കോവിഡിന് അന്ത്യംകുറിക്കാനുള്ള ഏക മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ. അത്യാഹിതവിഭാഗം ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.

“ഡെൽറ്റ പല രാജ്യങ്ങളിലും രോഗവ്യാപനം വർധിപ്പിച്ചിട്ടുണ്ട്. സാമൂഹികാകലം പാലിക്കുക, മുഖാവരണം ധരിക്കുക, കൈകൾ ശുചിയാക്കുക ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ വകഭേദത്തിനെതിരേ ഇപ്പോഴും ഫലപ്രദമാണ്. പ്രത്യേകിച്ച് വാക്സിൻ സ്വീകരിക്കുന്നത്” -അദ്ദേഹം വ്യക്തമാക്കി.

“ഇതുവരെ ഉത്‌കണ്ഠയുണർത്തുന്ന നാലു വകഭേദങ്ങളാണുണ്ടായത്. രോഗവ്യാപനം തുടർന്നാൽ കൂടുതൽ മാരകമായ വൈറസുകളുണ്ടാകും. കഴിഞ്ഞ നാല്‌ ആഴ്ചകളിലായി രോഗവ്യാപനം വർധിച്ചിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ. തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു. “

സെപ്‌റ്റംബർ അവസാനത്തോടെ എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയുടെ 10 ശതമാനത്തിനെങ്കിലും വാക്സിന്റെ രണ്ടു ഡോസ് ലഭിക്കേണ്ടതുണ്ട്. വർഷാവസാനത്തോടെ 40 ശതമാനത്തിനും 2022 പകുതിയോടെ 70 ശതമാനത്തിനും വാക്സിൻ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെൽറ്റ കുട്ടികളെ പ്രത്യേകമായി ലക്ഷ്യമിടുന്നില്ല

ജനീവ: ഡെൽറ്റ വകഭേദം കുട്ടികളിൽ പ്രത്യേകമായി രോഗബാധയ്ക്കു കാരണമാകുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. സാങ്കേതികവിഭാഗം മേധാവി മരിയ വാൻ കേർഖോവ്. സാമൂഹികാകലം പാലിക്കാതെ ഒത്തുകൂടുന്നവരെയും മറ്റു പ്രതിരോധമാർഗങ്ങൾ പാലിക്കാത്തവരെയുമാണ് ഡെൽറ്റ വേഗത്തിൽ ബാധിക്കുകയെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.

സ്കൂളുകൾ സുരക്ഷിതമായി തുറന്നുപ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ ഡബ്ല്യു.എച്ച്.ഒ. നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാൽ, സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് രോഗവ്യാപനം നന്നായി കുറയ്ക്കേണ്ടതുണ്ടെന്നും മരിയ വ്യക്തമാക്കി.

Content Highlights: Covid19 must end before deadly variants -WHO, Health