കൊച്ചി: ഡയാലിസിനുവേണ്ടി 900 രൂപ കണ്ടെത്താന്‍ വിഷമിക്കുകയാണ് കോഴിക്കോട് വടകര സ്വദേശി എ. ബാബു. ദിവസവരുമാനക്കാരനായ ഇദ്ദേഹത്തിന് അടച്ചുപൂട്ടല്‍ വന്നതോടെ വരുമാനമാര്‍ഗം അടഞ്ഞു. ഡയാലിസിസിനും മരുന്നിനുമുള്‍പ്പെടെ മാസം 20,000 രൂപ ചെലവ് വരും. വരുമാനം നിലച്ചതാണ് ഭാരിച്ച ചികിത്സാ ചെലവുകളുള്ള വൃക്കരോഗികളെ പ്രധാനമായും വലയ്ക്കുന്നത്. ഇതിനുപുറമേയാണ് യാത്രാപ്രതിസന്ധി.
എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ ആശുപത്രികളില്‍ ഡയാലിസിസ് മുടങ്ങിയിട്ടില്ല. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 14 രോഗികള്‍ക്ക് പ്രതിദിനം ഡയാലിസിസ് നടത്തുന്നുണ്ട്. യാത്രയ്ക്കായി ഇവര്‍ക്ക് പ്രത്യേകം കുറിപ്പ് നല്‍കിയിട്ടുണ്ട്. മരുന്നുകള്‍ക്കാണ് ക്ഷാമം. ലഭ്യത അനുസരിച്ച് ആശാ പ്രവര്‍ത്തകര്‍ വഴിയാണ് നല്‍കുന്നത്.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങളാണുള്ളത്. വിരലിലെണ്ണാവുന്ന ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ നാല് ഡയാലിസിസ് യൂണിറ്റുകളാണുള്ളത്. 60 രോഗികള്‍ക്കാണ് ഇവിടെ ഡയാലിസിസ് നടത്താനാകുക. നാനൂറിലധികം പേരാണ് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇവരെല്ലാം നിലവില്‍ ദൂരെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. പോലീസിന്റെ പ്രത്യേക പാസ് വാങ്ങി സഹായികളേയും കൂട്ടിയാണ് പോകുന്നത്.
കരള്‍രോഗം
കരള്‍രോഗത്തിനുവേണ്ട ചികിത്സകള്‍ കൃത്യമായി ഓരോ ആശുപത്രികളിലും നടക്കുന്നുണ്ട്. ആശുപത്രികളിലേക്ക് ഓരോ ആഴ്ചയുമുള്ള യാത്രയാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന കരള്‍രോഗികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. ദിവസം 100 പേര്‍ എത്താറുള്ള ഒ.പി.യില്‍ ഇപ്പോള്‍ എത്തുന്നത് 40 പേര്‍ മാത്രം. കിടത്തിച്ചികിത്സയിലുള്ളത് 21 പേരാണ്. സാധാരണ 35 പേരാണ് കിടത്തിച്ചികിത്സയിലുണ്ടാവാറുള്ളത്.
മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ടേറെ
സംസ്ഥാനത്ത് വൃക്ക മാറ്റിവെക്കാന്‍ 98 ശതമാനം പേരും എറണാകുളം ജില്ലയാണു തിരഞ്ഞെടുക്കുന്നത്. പലപ്പോഴും എറണാകുളത്ത് നിന്നുതന്നെയാണ് മരുന്നും ലഭിക്കുക. സ്വകാര്യ മരുന്നുകടകളില്‍നിന്ന് വാങ്ങുക സാധാരണക്കാരന് താങ്ങാനാവില്ല. ഓരോ മണിക്കൂറും ഇടവിട്ട് കഴിക്കേണ്ട മരുന്നുകളാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ കഴിക്കേണ്ടത്.
രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹെപ്പാരിന്‍ സോഡിയം ഇന്‍ജക്ഷന് നേരിടുന്ന ക്ഷാമം മലപ്പുറത്തെ ഡയാലിസിസ് കേന്ദ്രങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജില്ലയില്‍ നിര്‍ധനരായ രോഗികള്‍ക്ക് താങ്ങാവുന്നത് കാരുണ്യ ട്രസ്റ്റുകള്‍ നടത്തുന്ന ഡയാലിസിസ് കേന്ദ്രങ്ങളാണ്. അടച്ചുപൂട്ടലിനു മുമ്പു ശേഖരിച്ച ഹെപ്പാരിന്‍ മാത്രമാണ് അവശേഷിക്കുന്നത്.
Content Highlights: Covid19 Kidney Liver patients issues