ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ രോഗം കൂടുതലും ചെറുപ്പക്കാരിലാണെന്ന വിലയിരുത്തൽ ശരിയല്ലെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയേ ഉണ്ടായിട്ടുള്ളൂ. ആദ്യതരംഗത്തിൽ രോഗികളുടെ ശരാശരി പ്രായം 50 ആയിരുന്നു. ഇപ്പോഴത് 49 ആണ്. പ്രായമേറിയവർക്കുതന്നെയാണ് ഇപ്പോഴും രോഗസാധ്യത കൂടുതൽ.

കോവിഡ് ബാധിതരുടെ 70 ശതമാനവും 40-നു മുകളിലുള്ളവരാണ്. കഴിഞ്ഞകൊല്ലം കോവിഡ് ബാധിച്ചവരിൽ 20-നും 40-നുമിടയിലുള്ളവർ 23 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ അത് 25 ആണ്. രോഗലക്ഷണമില്ലാത്തവർ ഇക്കുറി കൂടുതലായി ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ആദ്യതരംഗത്തിലും രണ്ടാംതരംഗത്തിലും മരണനിരക്ക് തുല്യമാണ്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മാത്രം കണക്കിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ രജിസ്ട്രിയനുസരിച്ചുള്ള വിലയിരുത്തലാണിത്. കോവിഡ് കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ പരിശോധന ആർ.ടി.പി.സി.ആർ. തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലെ വൈറസ് വകഭേദങ്ങളെല്ലാം ഇന്ത്യയിലും കണ്ടിട്ടുണ്ട്. അതേസമയം, ഇരട്ട ജനിതകമാറ്റമുണ്ടായ വൈറസിന്റെ വ്യാപനം എത്രത്തോളമുണ്ടെന്ന് കണക്കാക്കാൻ സാധിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയും പൊതുവിലുള്ള ശ്രദ്ധക്കുറവുമാണ് രണ്ടാംതരംഗത്തിന് മുഖ്യകാരണമെന്ന് ഭാർഗവ അഭിപ്രായപ്പെട്ടു.

Content Highlights: Covid19 is not mostly in young people it is in older people says ICMR, Health, Covid19