ന്യൂഡൽഹി: കോവിഡ്-19 വ്യാപനം രാജ്യത്ത് അതിഗുരുതരമായിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്നും കേന്ദ്രവും നീതി ആയോഗും മുന്നറിയിപ്പുനൽകി.

“എല്ലാ സംസ്ഥാനങ്ങളിലും രോഗം കൂടിവരികയാണ്. സർക്കാരുകളും ജനങ്ങളും അലംഭാവം കാട്ടരുത്. ഇക്കുറി മഹാമാരി കഴിഞ്ഞവർഷത്തേതിനേക്കാൾ രൂക്ഷമാണ്. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങൾ മാത്രമല്ല, മറ്റിടങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധനയും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും പ്രതിരോധ കുത്തിവെപ്പും ശക്തമാക്കണം” -കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ. വിനോദ് പോളും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനവും മരണവും താരതമ്യേന കുറവാണെന്ന് പറയാം. എന്നാൽ, സ്ഥിതി ഗുരുതരമായി മാറുകയാണെന്ന് ഡോ. പോൾ പറഞ്ഞു. രോഗവും മരണവും ഇടയ്ക്കു കുറഞ്ഞിരുന്നു. ചിലയിടങ്ങളിൽ താരതമ്യേന കേസുകൾ കുറവാണെന്നുകരുതി അലംഭാവം പാടില്ല. കേസും മരണവും കൂടാം. കുടുംബങ്ങൾക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നഷ്ടങ്ങൾ സംഭവിക്കും. എന്നാൽ, സമീപഭാവിയിലെ രോഗവ്യാപനത്തെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ച് സർക്കാരിന്റെ കണക്കോ വിലയിരുത്തലോ എന്താണെന്ന ചോദ്യത്തിന് അങ്ങനെ കണക്കാക്കി പറയുന്നത് ശരിയല്ലെന്ന് ഡോ. പോൾ പറഞ്ഞു.

18 കഴിഞ്ഞവർക്കും വാക്സിൻ നൽകണം -ഐ.എം.എ.

ന്യൂഡൽഹി: പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. 45 വയസ്സിന് മുകളിൽ പ്രായമുളളവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാവുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് കൂടുതൽ വിപുലപ്പെടുത്തണം. ഇതേ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അത്യാവശ്യക്കാർക്ക് മാത്രം-കേന്ദ്ര ആരോഗ്യ സെക്രട്ടറി

കോവിഡ് വാക്സിൻ ആവശ്യക്കാരേക്കാളുപരി അത്യാവശ്യക്കാർക്കാണ് നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ.

കേന്ദ്ര ജീവനക്കാർ വാക്സിൻ എടുക്കണം -കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 45 വയസ്സിന് മുകളിലുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും വാക്സിൻ എടുക്കണമെന്ന് നിർദേശിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി.

പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം വ്യക്തിശുചിത്വം പാലിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യുന്നത് തുടരണമെന്നും പേഴ്‌സണൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

Content Highlights: Covid19 increases next two weeks crucial says central government of India and Niti Ayog, Health