തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായവിതരണത്തിനുള്ള നടപടി തുടങ്ങിയതിനുപിന്നാലെ 5581 മരണങ്ങള്‍കൂടി പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. മതിയായ രേഖകളില്ലാത്തതിനാല്‍ ജൂണ്‍ 18-നുമുമ്പ് കൂട്ടിച്ചേര്‍ക്കാതിരുന്ന 3779 മരണങ്ങള്‍ ഉള്‍പ്പെടുത്തി. ഇത്തരത്തില്‍ ഏഴായിരം മരണങ്ങള്‍ ഉള്‍പ്പെടുത്താനുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം കോവിഡ് മുക്തമായി ഒരുമാസത്തിനുള്ള മരിച്ചവരുടെ പേരും കോവിഡ് ബാധിതരായിരിക്കെ നടന്ന ആത്മഹത്യകളും പട്ടികയില്‍പെടുത്തിത്തുടങ്ങി. ഇത്തരത്തില്‍ 1802 മരണങ്ങളാണ് തിങ്കളാഴ്ചവരെ കൂട്ടിച്ചേര്‍ത്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33,974 ആയി.

പരാതികള്‍ പരിഹരിച്ച് കഴിഞ്ഞമാസം 22 മുതലാണ് കൂടുതല്‍ മരണങ്ങള്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും നിശ്ചിത മാതൃകയിലുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി 24,705 അപേക്ഷകളാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ഇതില്‍ 21,830 എണ്ണം അപ്പീല്‍ അപേക്ഷകളാണ്. 4965 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതമാണ് സര്‍ക്കാര്‍ സഹായധനം. ഇതിനുള്ള അപേക്ഷ റിലീഫ് പോര്‍ട്ടല്‍ വഴി സ്വീകരിച്ചുതുടങ്ങി. അടുത്തമാസം സഹായധനവിതരണം ആരംഭിക്കാനാണ് പദ്ധതി. രണ്ടായിരത്തോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ, ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശത്ത് മരിച്ചവരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാനാകുന്നില്ല

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനത്തിന് അപേക്ഷിക്കാനാകുന്നില്ലെന്ന് പരാതി. ഐ.സി.എം.ആര്‍. മാനദണ്ഡപ്രകാരമുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രശ്നം. വിദേശത്തുനിന്നുള്ള മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടുമില്ല. അപ്പീല്‍ അപേക്ഷ സ്വീകരിക്കുന്നത് ആരോഗ്യവകുപ്പും സഹായധനത്തിന് അപേക്ഷ സ്വീകരിക്കുന്നത് റവന്യൂവകുപ്പുമാണ്. ഇരുവകുപ്പുകളും വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയില്ലെന്നാണ് ആക്ഷേപം.

Content Highlights: Covid19- government added 5581 deaths too