ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍.ടി.എ.ജി.ഐ.) വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയില്‍ അറിയിച്ചു.

പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാല്‍ മരിച്ചിട്ടില്ല. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലിരുന്ന ചില കുട്ടികളില്‍ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോണ്‍ ഭീതിയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. കാരണം, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.

ഇനി കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ഭാവിയില്‍ തീരുമാനമുണ്ടായാല്‍ത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാല്‍, കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പരീക്ഷണം അവസാനഘട്ടത്തില്‍

പന്ത്രണ്ടു വയസ്സിനുമുകളിലുള്ള കുട്ടികളില്‍ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെല്‍ത്ത് കെയറിന്റെ സൈക്കോവ്-ഡി വാക്‌സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വാക്‌സിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉന്നതതല അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സൈക്കോവ്-ഡിയ്ക്കു പുറമേ കുട്ടികളില്‍ ഉപയോഗിക്കുന്ന നാലു വാക്‌സിനുകള്‍കൂടി അന്തിമഘട്ട പരീക്ഷണത്തിലാണ്.

2-18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, 2-17 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള നാനോപാര്‍ട്ടിക്കിള്‍ (ദ്രവ കോവോവാക്‌സിന്‍), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ എ.ഡി. 26കോവ്.2എസ്, 5-18 വയസ്സിനിടയിലുള്ള ബയോളജിക്കല്‍ ഇ-യുടെ ആര്‍.ബി.ഡി. തുടങ്ങി വാക്‌സിനുകള്‍ 2-3 ഘട്ട പരീക്ഷണത്തിലാണ്.

രാജ്യത്ത് 5326 പുതിയ രോഗികള്‍

വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് 5326 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 581 ദിവസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 453 പേര്‍ മരിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.59 ശതമാനം. 79,097 പേര്‍ ചികിത്സയിലുണ്ട്.

Content Highlights: Expert panel says children should not be vaccinated, Covid19