തിരുവനന്തപുരം: കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളിലുണ്ടെന്നു മനസ്സിലാക്കുന്നതിനായി സംസ്ഥാനത്തു കോവിഡ് സാന്ദ്രതാപഠനം നടത്തും. അപകടസാധ്യത കൂടുതലുള്ള ആളുകളിൽ ആന്റിബോഡി സാന്നിധ്യം ഉണ്ടോയെന്നും കണ്ടെത്തും. രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുമാണ് പഠനം.

കേരളത്തിൽ 2020 നവംബർ ആദ്യവാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകരിൽ 20 ശതമാനവും ലക്ഷണങ്ങളില്ലാത്ത രോഗവ്യാപനസാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിൽ 10.5 ശതമാനവും ആയിരുന്നു. ശസ്ത്രക്രിയയ്ക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്ന ആളുകളിൽ 3.2 ശതമാനവും നേരിട്ടു പരിശോധനയ്ക്കെത്തിയ ആളുകളിൽ 8.3 ശതമാനവുമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഈ പശ്ചാത്തലത്തിലാണ് സാന്ദ്രതാപഠനം.

സംസ്ഥാനത്താകമാനം 18 വയസ്സിന് മുകളിലുള്ള 12,100 ഓളം ആളുകളിലാണ് പഠനം. ഒരു ജില്ലയിൽ കുറഞ്ഞത് 350 സാംപിൾ പരിശോധിക്കും. ഓരോ ജില്ലയിലും സന്നദ്ധപ്രവർത്തകർ, പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരിൽ നിന്ന് 240 സാംപിളും പരിശോധിക്കും. ഇവരിൽ നിന്ന് സമ്മതപത്രം വാങ്ങും. അയ്യായിരത്തോളം രക്തസാംപിൾ ലാബുകളിൽ നിന്നും രക്തബാങ്കുകളിൽ നിന്നും ശേഖരിക്കും.

പഠനം മുന്നൊരുക്കത്തിന് സഹായകം

യൂറോപ്യൻ രാജ്യങ്ങൾ കോവിഡ്19 പുനർവ്യാപനവും തുടർന്നുള്ള മരണവും അഭിമുഖീകരിക്കുകയാണ്. എന്നാൽ, ഇന്ത്യയിലും കേരളത്തിലും രോഗവ്യാപനം കുറയുന്നതായാണ് കാണുന്നത്. മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് രോഗവ്യാപനത്തിന് സാധ്യതയുണ്ട്. അതിനാൽ സാർസ് കോവിഡ്2 ആന്റിബോഡി പൊതുജനങ്ങളിലും രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളിലും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.
- മന്ത്രി കെ.കെ. ശൈലജ

Content Highlights:Covid19 density study will starts in Kerala, Health, Covid19,Corona Virus