
-
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് രണ്ടുദിവസത്തിനകം ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ പ്ലാസ്മ തെറാപ്പി സഹായകമാവുന്നുണ്ട്. കോവിഡ് ഭേദമായവരില്നിന്നെടുക്കുന്ന പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സിലാണ് പ്ലാസ്മ ബാങ്ക് പ്രവര്‍ത്തിക്കുക. കോവിഡ് ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാവണമെന്ന് കെജ്രിവാള് അഭ്യര്‍ഥിച്ചു.
കോവിഡ് രോഗിയില്‍ പ്ലാസ്മ തെറാപ്പി ആദ്യം വിജയിച്ചത് ഡല്‍ഹിയിലാണ്. വൈറസ് ബാധിച്ച് ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 49 വയസ്സുകാരനാണ് സ്വകാര്യ ആശുപത്രിയില്‍ നടന്ന തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഏപ്രിലിലാണ് ഡല്‍ഹിയില്‍ ഈ ചികിത്സ ആരംഭിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്ലാസ്മ തെറാപ്പിയെത്തുടര്ന്നാണ് രോഗമുക്തനായത്.
പ്ലാസ്മ തെറാപ്പി
- രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡികള്‍ അടങ്ങിയ മഞ്ഞനിറത്തിലുള്ള ദ്രാവകമാണ് പ്ലാസ്മ. ഇതിനായി ആദ്യം രക്തം ശേഖരിക്കും. പിന്നീട് ലാബിലെത്തിച്ച് ചുവന്ന രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവ നീക്കി പ്ലാസ്മ വേര്‍തിരിച്ചെടുക്കും. രക്തത്തില്‍ 55 ശതമാനം പ്ലാസ്മയാണ്.
- വൈറസിനെതിരേ പൊരുതാനുള്ള ആന്റിബോഡികളാല്‍ സമ്പന്നമായിരിക്കും കോവിഡ് ഭേദമായവരുടെ പ്ലാസ്മ. ഈ ആന്റിബോഡികളാണ് ഗുരുതരനിലയിലുള്ള രോഗികളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നത്. ഓരോ രോഗിയിലെയും വൈറസ് ബാധയുടെ തീവ്രതയനുസരിച്ചാണ് നല്‍കേണ്ട പ്ലാസ്മയുടെ അളവ് നിശ്ചയിക്കുക. സാധാരണഗതിയില്‍ 200 മില്ലിലിറ്ററാണ് ഒരുതവണ നല്‍കുക.
- നൂറ്റാണ്ട് പഴക്കമുള്ള ചികിത്സാരീതിയാണ് പ്ലാസ്മതെറാപ്പി. 1918-ല്‍ പകര്‍ച്ചപ്പനിയുടെ കാലത്ത് പ്ലാസ്മതെറാപ്പി പ്രയോഗിച്ചിരുന്നു. നിലവില്‍, ലോകമെമ്പാടും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഇതുപയോഗിക്കുന്നുണ്ട്.
Content Highlights: Covid19 Corona Virus outbreak India's first plasma bank Ready, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..