പാലക്കാട്: അടച്ചിടല്‍കാലത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവാങ്ങുന്നവരുടെ എണ്ണം കൂടി.

മാനസികാരോഗ്യചികിത്സയ്ക്കായി ശുപര്‍ശചെയ്യുന്ന മരുന്നുകളുള്‍പ്പെടെയുള്ളവ ലഹരിക്കായി ഉപയോഗിക്കുന്നവരുടെ എണ്ണം 35 ശതമാനത്തോളം കൂടിയെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. ലഹരിയുണ്ടാക്കുന്ന മരുന്നുകളുടെ വില്പന കൂടുന്നുണ്ടോയെന്നറിയാന്‍ ഇതോടെ എക്‌സൈസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി.

മാക്‌സ് ഗാലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുമായി ഒട്ടേറെപ്പേരെ മുമ്പ് എക്‌സൈസ് പിടികൂടിയിരുന്നു. നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഇനിയുമുണ്ടാകുമെന്ന് എക്‌സൈസ് വകുപ്പ് വിലയിരുത്തുന്നു.

നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍.ഡി.പി.എസ്.) പ്രകാരം 110 ഇനങ്ങളാണ് ചികിത്സയ്ക്കായുള്ള മരുന്നുകളായി മെഡിക്കല്‍ ഷോപ്പ് വഴി ലഭിക്കുന്നത്. ഇവയുടെ ദുരുപയോഗം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് റൂള്‍സില്‍ ഭേദഗതിവരുത്തി അവയെല്ലാം ഷെഡ്യൂള്‍ എച്ച്-1 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടന്നാണ് ഇവയുടെ ദുരുപയോഗം.

ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍, ആസക്തിയുണ്ടാകുന്നതരത്തിലുള്ള മരുന്നുകള്‍ എന്നിവയാണ് കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ അനുവദിക്കാത്തത്.

ഇത്തരം മരുന്നുകള്‍ കുറിപ്പടിയില്ലാതെ വില്‍ക്കുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിച്ച് നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യും.

കുറിപ്പടിയില്ലാതെ മരുന്നുവില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിരുന്നു.

Content Highlights: Covid19 Corona Virus Lockdown  Buying Medicine Without Prior Prescription increased, Health