റണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഐ.എം.എ. ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ നൂറ്റിയിരുപതോളം വിദഗ്ധ ഡോക്ടര്‍മാരുടെ കോവിഡ് സൂം മീറ്റിങ് നടന്നു. അതില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

20 പ്രധാന കണ്ടെത്തലുകള്‍/നിര്‍ദേശങ്ങള്‍

1. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ സംഖ്യ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

2 . ഗുരുതരാവസ്ഥയില്‍ വന്നവരില്‍ 40-നും 60-നും ഇടയ്ക്കുള്ളവരില്‍ ഉള്ളവര്‍ കൂടുതല്‍. ചെറുപ്പക്കാരും ഉണ്ട്.

3 . വാക്സിന്‍ എടുത്തതു കൊണ്ടാവാം, പ്രായം ചെന്നവരില്‍ രോഗം കുറവ്. വാക്സിന്‍ നിരസിച്ച ചില വയോധികരില്‍ തീവ്രമായ രോഗം.

4. ഐ.സി.യുകള്‍ നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാര്‍ ഏറെയുണ്ട് ഇത്തവണ ഐ.സി.യുകളില്‍.

5. രണ്ടാഴ്ച്ച മുന്‍പു വരെ കൂടുതല്‍ കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ഒരുക്കിവന്നിരുന്ന സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ യുടേണ്‍ വേണ്ടി വന്നു. ആശുപത്രികള്‍ പലതും കോവിഡ് രോഗികള്‍ വന്നു നിറയുന്നു. പുതിയ കോവിഡ് ബെഡ് ഒരുക്കേണ്ടി വരുന്നു.

6. മാര്‍ച്ചില്‍ വെറും നാലായിരുന്ന കേരളത്തിലെ ശരാശരി ടി.പി.ആര്‍ (Test Positivity Rate), കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് പന്ത്രണ്ടിലേക്ക് കുതിച്ചിട്ടുണ്ട്. (നൂറു പേരില്‍ ടെസ്റ്റ് നടത്തിയാല്‍ എത്ര പേര്‍ക്ക് രോഗം കണ്ടെത്തുന്നു എന്ന കണക്കാണ് ടി.പി.ആര്‍.). അത് അഞ്ചിനു താഴെ ആയാല്‍ പാന്‍ഡെമിക് തല്‍കാലം 'കുറഞ്ഞു' എന്ന് കരുതാം.

എയര്‍പോര്‍ട്ട് സ്‌ക്രീനിങ്, സ്വകാര്യ ലാബുകളിലെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെ എറണാകുളം ജില്ലയില്‍ മൊത്തം നടത്തിയ പന്തീരായിരത്തോളം ടെസ്റ്റുകളുടെ ശരാശരിയാണ് 12 ശതമാനം ടി.പി.ആര്‍.

എന്നാല്‍ ജില്ലയിലെ ആശുപത്രികളില്‍ വരുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവരും, കോണ്‍ടാക്റ്റ് ട്രേസിങ് (പ്രാഥമിക സമ്പര്‍ക്ക പട്ടിക) വഴി കണ്ടെത്തിയവരും ഉള്‍പ്പെട്ട രണ്ടായിരത്തോളം പേരുടെ മാത്രം ടെസ്റ്റുകളുടെ ഫലം നോക്കുമ്പോള്‍ ടി.പി.ആര്‍. മേല്‍പ്പറഞ്ഞ ശരാശരിയേക്കാള്‍ കൂടുതലാണ്. അതിനര്‍ഥം ജില്ലയില്‍ ഇനിയും നിരവധി പേര്‍ കോവിഡ് ബാധിച്ചവര്‍ ഉണ്ടെന്നാണ്.

9. രോഗലക്ഷണങ്ങള്‍ തോന്നുന്നവര്‍ എത്രയും വേഗം സ്വയം നിരീക്ഷണത്തില്‍ (സെല്‍ഫ് ഐസൊലേഷന്‍) പോകുകയും അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട് ടെസ്റ്റ് ചെയ്യേണ്ടതുമാണ്. ടെസ്റ്റ് നെഗറ്റീവ് എന്ന് അറിയുന്നതു വരെ മറ്റുള്ളവരുമായി സമ്പര്‍ക്കം വരാതെ നോക്കേണ്ടത് നിര്‍ബന്ധമാണ്. സമൂഹത്തില്‍ അനിയന്ത്രിതമായി രോഗം വ്യാപിക്കാതിരിക്കാനാണിത്.

10. ഒരിക്കല്‍ ടെസ്റ്റ് പോസിറ്റീവ് കിട്ടിയാല്‍ ഉടന്‍ തന്നെ മറ്റൊരു ലാബില്‍ പോയി നെഗറ്റീവ് കിട്ടുമോ എന്നു നോക്കുന്നത് ശരിയായ നടപടിയല്ല. ചിലപ്പോള്‍ രണ്ടാമത്തെ ടെസ്റ്റ് ഫാള്‍സ് നെഗറ്റീവ് അകാന്‍ വഴിയുണ്ട്.

11. രോഗബാധയുള്ളവര്‍ ആരോഗ്യവകുപ്പുമായി സഹകരിക്കുക, കോണ്‍ടാക്റ്റ് ട്രേസിങ് ഉറപ്പു വരുത്തുക. ഇല്ലെങ്കില്‍ ഇവര്‍ക്ക് രോഗം കണ്ടെത്താതെ പോവുക മാത്രമല്ല, അവര്‍ മറ്റുള്ളവരിലേക്ക് വൈറസ് പരത്താനും സാധ്യതയുണ്ട്.

12.ഒരു വര്‍ഷമായി പാന്‍ഡെമിക് തുടങ്ങിയതില്‍ പിന്നെ പതിവായി ഓരോ ആഴ്ച്ചയും കോവിഡ് രോഗ ചികിത്സാവിധികള്‍ ജില്ലയിലെ ഡോക്ടര്‍മാര്‍, കൊച്ചി ഐ.എം.എയുടെയും എന്‍.എച്ച്.എമ്മിന്റെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാറുണ്ട്. ഏറ്റവും ആധുനികമായ എല്ലാ ശാസ്ത്രീയ പ്രബന്ധങ്ങളും നിരീക്ഷണങ്ങളും പരിഗണിക്കപ്പെടാറുണ്ട്. തന്മൂലം നമ്മുടെ ഡോക്ടര്‍മാര്‍ എല്ലാവരും നിരന്തരം മാറുന്ന ചികിത്സാവിധികളെപ്പറ്റി എന്നും അപ്ഡേറ്റഡ് ആണ്. ചര്‍ച്ചയില്‍ ഐ.എം.എ., കെ.ജി.എം.ഒ.എ. കെ.ജി.എം.സി.ടി.എ., കെ.ജി.ഐ.എം.ഒ.എ., ക്യു.പി.എം.പി.എ.  മുതലായ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്.

13. ഇന്ന് നിലവില്‍ രണ്ടു കോവിഡ് ഔഷധങ്ങളാണ് 'ലൈഫ് സേവിങ്' ആയി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഓക്സിജനും സ്റ്റീറോയിഡും. എന്നാല്‍ എല്ലവര്‍ക്കും ഇത് ഫലം ചെയ്യുകയില്ല, വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ മാത്രമേ ചികിത്സകള്‍ ചെയ്യാവൂ.

14. അശാസ്ത്രീയമായ മരുന്നുകള്‍ ഒഴിവാക്കേണ്ടതാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന പല ചികിത്സകളും ഫലമില്ലാത്തതിനാല്‍ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്, ഉദാഹരണത്തിന് ക്ലോറോക്വിനൈന്‍, സിങ്ക്, പ്ലാസ്മ മുതലായവ. എവിഡന്‍സ് ബെയ്‌സ്ഡ് ആയ ഇത്തരം സ്വയം തിരുത്തലുകള്‍ അഥവാ മാറ്റങ്ങള്‍, മോഡേണ്‍ മെഡിസിന്റെ രീതിയാണ്.

15. റെംഡെസിവിര്‍ (Remdesivir) എന്ന മരുന്ന് എറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കോവിഡ് രോഗത്തിന്റെ മരണ നിരക്ക് കുറയ്ക്കും എന്ന് ഇന്നേവരെ തെളിയിക്കപ്പെടാത്ത മരുന്നാണിത്. ലോകാരോഗ്യ സംഘടന അടക്കം പല ഗവേഷകര്‍ അനേക രാഷ്ട്രങ്ങളില്‍ നടത്തിയ പ്രധാനപ്പെട്ട അഞ്ചിലധികം ക്ലിനിക്കല്‍ ട്രയലുകളില്‍ ഇതിന് കാര്യമായ ഫലം കണ്ടെത്താനായിട്ടില്ല. ചില രോഗികള്‍ക്ക് മാത്രം ഇത് പ്രയോഗിക്കാറുണ്ട്, അല്ലാതെ കോവിഡ് ബാധിച്ച എല്ലാവരും എടുക്കേണ്ടതായ ഒരു മരുന്നല്ല ഇത്. 

ഏതാനും രോഗികളില്‍ മാത്രം ഒതുങ്ങുന്ന വ്യക്തിപരമായ നിരീക്ഷണത്തേക്കാള്‍ ഏറെ പ്രാധാന്യമുണ്ട് (credibility) അനേകം രോഗികളെ ഒരേ സമയം നിഷ്പക്ഷമായി പഠിക്കുന്ന മികവുറ്റ റാന്‍ഡമൈസ്ഡ് ക്ലിനിക്കല്‍ ട്രയലുകള്‍ക്ക്.  

16. കോവിഡ് പലരെയും പല രീതിയില്‍ ബാധിക്കുന്ന ഒരു പ്രത്യേക സ്വഭാവമുള്ള രോഗമാണ്. ഓരോ രോഗിക്കും ഏത് ചികിത്സ വേണം ഏത് ടെസ്റ്റുകള്‍ വേണം എന്നുള്ളത്, ഓരോ രോഗിയുടെയും പ്രത്യേകതകള്‍ പഠിച്ച ശേഷം ഡോക്ടര്‍മാര്‍ തീരുമാനിക്കും.

വിരയ്ക്ക് ഉള്ള ചികിത്സ പോലെ എല്ലാ കോവിഡ് രോഗികള്‍ക്കും ഒരേ ചികിത്സയല്ല എന്ന് സാരം.

ഉദാഹരണത്തിന്, രോഗകാഠിന്യം കുറഞ്ഞവര്‍ക്ക് വീടുകളില്‍ത്തന്നെയുള്ള സെല്‍ഫ് ഐസൊലേഷനും ടെലി- മെഡിസിന്‍ വഴിയുള്ള ചികിത്സാ മേല്‍നോട്ടവും അതിനു സൗകര്യമില്ലാത്തവക്ക് എഫ്.എല്‍.ടി.സികളിലെ നിരീക്ഷണവും മാത്രം മതിയാകും. മറ്റു ചിലര്‍ക്ക് ആശുപത്രിയില്‍ വിദഗധരായ ചികിത്സകരുടെ മേല്‍നോട്ടത്തിലുള്ള നിരീക്ഷണവും, വേറെ ചിലര്‍ക്ക്
പല വിധ മരുന്നുകള്‍ വഴിയുള്ള ചികിത്സയും വേണ്ടി വന്നേക്കാം.

17. സോഷ്യല്‍ മീഡിയ താരമായ 'Ivermectin' ഒരു അംഗീകൃത കോവിഡ് ചികിത്സയല്ല, അത് വിരയ്ക്കുള്ള ഗുളികയാണ്. കരള്‍ രോഗം ഉള്‍പെടെ പല പാര്‍ശ്വഫലങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. വാട്‌സ്അപ്പില്‍ കാണുന്ന ചികിത്സകള്‍ എല്ലാം ഫലവത്താണ് എന്ന് വിശ്വസിക്കരുത്, 'ചികിത്സ കണ്ടെത്തി' എന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷം സന്ദേശങ്ങളും തട്ടിപ്പാണ്.

ഒരു മരുന്ന് ചില രാജ്യങ്ങളില്‍ പ്രയോഗിക്കുന്നു എന്നതു കൊണ്ടു  മാത്രം അത് ഫലപ്രദം ആകണമെന്നില്ല. അംഗീകൃതമായ ചികിത്സകള്‍ കണ്ടെത്തുന്ന ഉടന്‍ തന്നെ ഐ.എം.എ. പോലെയുള്ള ഉത്തരവാദിത്വപ്പെട്ട ശാസ്ത്രീയ സംഘടനകളും ആരോഗ്യവകുപ്പും അത് സമൂഹത്തെ അറിയിക്കുന്നതായിരിക്കും. 

18. ഓരോ പ്രദേശത്തും ഇടയ്ക്കിടയ്ക്ക് തരംഗങ്ങള്‍ (waves) ആയി വന്നും പോയും ഇരിക്കുന്ന ഒരു തരം വൈറസ് മൂലം ഉണ്ടാവുന്ന രോഗമാണ് കോവിഡ്. നിര്‍ഭാഗ്യവശാല്‍ അതിനെ ചെറുത്തു നില്‍ക്കാനുള്ള നടപടികള്‍ നമുക്ക് അസൗകര്യം ഉണ്ടാക്കുന്നവയാണ്. 

രോഗവ്യാപനം കൂടുതല്‍ ഉള്ള ഈ സമയത്ത് കൂട്ടം കൂടലുകള്‍- അതേത് പേരിലായാലും- ഒഴിവാക്കുക തന്നെ വേണം, പ്രത്യേകിച്ചും ഇന്‍ഡോര്‍ അല്ലെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്ളിലുള്ള ചെറുതും വലുതുമായ സമ്മേളനങ്ങള്‍. 

ഏറെ പേര്‍ ഉള്‍പ്പെടുന്ന മരണാനന്തര ചടങ്ങുകള്‍, ആരാധന, വിവാഹം, ഉത്സവങ്ങള്‍, കുടുംബ സംഗമങ്ങള്‍, വിനോദയാത്രകള്‍ തുടങ്ങിയ എല്ലാ വിധ കൂട്ടംകൂടലുകളും രോഗവ്യാപന വേഗത കൂടും.

19. വാക്സിന്‍ രണ്ടു ഡോസും എടുത്തവരില്‍ ഇന്നുവരെ തീവ്രമായ കോവിഡ് രോഗം വന്നതായോ, കോവിഡ് മൂലം മരണപ്പെട്ടതായോ അറിവില്ല. മറ്റുള്ളവരില്‍ എന്നുള്ളതു പോലെ ഇവരിലും (വിരളമായി മാത്രം) ലക്ഷണമില്ലാത്ത, നിസ്സാരമായ വൈറസ് ബാധ ചിലപ്പോള്‍ ഉണ്ടായെന്നിരിക്കാം. ഇതില്‍ അസ്വാഭാവികത ഇല്ല. അഥവാ വൈറസ് ബാധിച്ചാലും അത് ഗുരുതര രോഗം വരുത്താതെ വാക്‌സിനുകള്‍ നമുക്ക് പരിരക്ഷ നല്‍കുന്നു. വാക്സിന്‍ എടുത്തവരും അതിനാല്‍ മാസ്‌ക് ധരിക്കേണ്ടതാണ്.

20. ഇന്ന് നാം ഉത്തരവാദിത്വത്തോടു കൂടി ഒരുമിച്ചു നിന്ന് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍, വരും ആഴ്ചകളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നത് തടയാം. മഹാരാഷ്ട്രയില്‍ ഇന്നുണ്ടായ ലോക്ഡൗണ്‍ ഒഴിവാക്കാം.

ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും കൂടുതല്‍ ലോഡ് വന്നാല്‍ കോവിഡ് മരണ നിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. 'Lag period' ഉള്ളതു കൊണ്ട്, ഇന്നത്തെ പ്രവര്‍ത്തനത്തിന്റെ 'ഫലം' നാം അറിയുന്നത് കുറഞ്ഞത് രണ്ടാഴ്ച കഴിഞ്ഞായിരിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. രാജീവ് ജയദേവന്‍ 
ഡോ. സണ്ണി ഓരത്തേല്‍ 
ഡോ. ജുനൈദ് റഹ്മാന്‍ 
ഡോ. ദീപ കെ. എച്ച്. 
ഡോ. അതുല്‍ മാനുവല്‍ 
ഡോ.  ടി.വി. രവി

Content Highlights: Covid19 cases spike in Ernakulam district Indian Medical Association says it needs utmost care, Health, Covid19, Corona Virus